പിഴയൊടുക്കിയ രസീത് ബുക്കിലെ കൃത്രിമം കാണിച്ച് പണംതട്ടിയെടുത്ത തിരൂരങ്ങാടി എസ് ഐയെ സസ്‌പെന്റ് ചെയ്തു

തിരൂരങ്ങാടി: വാഹനപരിശോധനയിലും മറ്റുമായി ഫൈന്‍ ഈടാകുന്ന രസീത് ബുക്കില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു. തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ബിബിനെയാണ് ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പൊലീസ് ഫൈന്‍ ഈടാകുന്ന ടി.ആര്‍ ഫൈവ് റസിപ്റ്റ്(പിഴയുടെ രസീത്) ബുക്കിലാണ് എസ് ഐ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. ഫൈന്‍ ഈടാക്കുന്ന ആളില്‍ നിന്നും യഥാര്‍ത്ഥ തുക എഴുതി നല്‍കും. തുടര്‍ന്ന് പിഴയുടെ രസീതില്‍ കിട്ടിയ തുക കുറച്ച് കാണിച്ചാണ് കൃത്രിമം നടത്തിയത്. ഫെബ്രുവരി എട്ട് മുതല്‍ ഉള്ള എല്ലാ പിഴയുടെ രസീതിലുീ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. കൃത്രിമം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് മലപ്പുറം ഡി.വൈ.എസ്.പി സുദര്‍ശനെ വകുപ്പ് തല അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡി.വൈ.എസ്പി ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണ റിപോര്‍ട്ടിലും കൃത്രിമം നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വേണ്ടി തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ബിബിനെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണ് ബിബിന്‍ ഫെബ്രുവരി 8 ന് തിരൂരങ്ങാടി എസ് ഐ ആയി
ചാര്‍ജെടുത്തത്. അന്ന് മുതല്‍ പിഴയുടെ രസീതില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്.

 

Sharing is caring!