ആത്മീയ ചികിത്സയുടെ പേരില്‍ 40പവന്‍ തട്ടിയെടുത്ത തിരൂരിലെ യുവാവ് അറസ്റ്റില്‍

ആത്മീയ ചികിത്സയുടെ പേരില്‍ 40പവന്‍ തട്ടിയെടുത്ത തിരൂരിലെ യുവാവ് അറസ്റ്റില്‍

വേങ്ങര: ആത്മീയ ചികിത്സയുടെ പേരില്‍ നാല്‍ പത് പവന്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ധീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈല്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്‌നങ്ങള്‍ ആത്മീയ ചികിത്സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വര്‍ണ്ണം തട്ടിയത്. ചികിത്സക്കായി ഉപ്പാപ്പയെ വിളിക്കുമ്പോള്‍ ശിഹാബുദ്ദീന്‍ തന്നെ ഉപ്പാപ്പ ചമഞ്ഞ് മൊബൈലിലൂടെ ആയത്തുകള്‍ ഓതിക്കൊടുക്കും.പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ഉപ്പാപ്പക്ക് സ്വര്‍ണ്ണം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടാണ് നാല്പത് പവന്‍ ഇയാള്‍ കരസ്ഥമാക്കിയത്.ഏതാനും ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്ത്രീ പീഢനക്കേസില്‍ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പോലീസിനെ സമീപിച്ചത്. തിരൂര്‍ ,താനൂര്‍ ,കുണ്ടോട്ടി സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകള്‍ ഉണ്ടെന്ന് വേങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. ആദംഖാന്‍ പറഞ്ഞു. 12 ഓളം സിംകാര്‍ഡുകള്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. നാല് പതോളം സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാതിരിക്കുകയാണ്. താനൂര്‍ എസ് .ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു. എസ്. എച്ച്. ഒക്ക് പുറമെ എസ് .ഐ ബാലചന്ദ്രന്‍ ,എസ്. സി. പി .ഒ ഷൈജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
പടം -: പ്രതി ശിഹാബുദ്ദീന്‍

 

Sharing is caring!