കഴിഞ്ഞതവണ 579വോട്ടിന് നഷ്ടമായ പെരിന്തല്‍മണ്ണ മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 579വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന്‍ സി.പി.എം. പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ തന്നെയാകും. സിറ്റിംഗ് എം.എല്‍.എയായ മഞ്ഞളാംകുഴി അലി മണ്ഡലംമാറാന്‍ സാധ്യത. എല്‍.ഡി.എഫില്‍നിന്നും മുസ്ലിംലീഗിലെത്തിയ മഞ്ഞളാംകുഴി അലി കഷ്ടിച്ചാണ് കഴിഞ്ഞ തവണ പെരിന്തല്‍മണ്ണയില്‍ നിന്നും വിജയിച്ചു കയറിയത്. ഇടതു പക്ഷത്തിന് വേരോട്ടമുള്ള മണ്ണ്കൂടിയായ പെരിന്തല്‍മണ്ണയില്‍ മുന്‍ എം.എല്‍.എയും കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികൂടിയായ വി.ശശികുമാറിനെ തന്നെ മത്സരിപ്പിക്കാനാണ് എല്‍.ഡി.എഫ് നീക്കം. ജനകീയനായ ശശികുമാറിലൂടെ ഇത്തവണ പെരിന്തല്‍മണ്ണ ചുവപ്പിക്കാമെന്ന കണക്ക് കൂട്ടിലാണ് സി.പി.എമ്മിനുള്ളത്. അതോടൊപ്പം തന്നെ പെരിന്തല്‍മണ്ണയില്‍ ലീഗില്‍ നിലനില്‍ക്കുന്ന പോരും എല്‍.ഡി.എഫിന് ഗുണംചെയ്യും. എല്‍.ഡി.എഫില്‍നിന്നും ലീഗിലെത്തി പെരിന്തല്‍മണ്ണയില്‍ മത്സരിച്ച് മന്ത്രിയായ അലിയെ പ്രാദേശിക ലീഗ് നേതൃത്വത്തിനു താല്‍പര്യമില്ലായിരുന്നു. പനങ്ങാങ്ങര സ്വദേശിയായ അലിയെ ഒരുവിഭാഗം അനുകൂലിച്ചപ്പോഴും പെരിന്തല്‍മണ്ണ നഗരസഭയുള്‍പ്പെടെയുള്ള മേഖലയിലെ പ്രബലവിഭാഗമായ പച്ചീരി വിഭാഗം അടക്കം അലിക്ക് എതിരായിരുന്നു. അടുത്ത തവണ ലീഗ് സ്ഥാനാര്‍ഥിയായി അലി മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കുളളില്‍നിന്നുതന്നെ പാലം വലിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ തന്നെ അലി പഴയ തട്ടകമായ മങ്കടയിലേക്ക് മാറ്റാനും ആലോചനയുണ്ട്.
എല്‍.ഡി.എഫിന് ശക്തമായ വോരോട്ടമുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണയെങ്കിലും 1970 ന് ശേഷം 2006 ല്‍ മാത്രമാണ് ഇവിടെ സി.പി.എം വിജയിച്ചിട്ടുള്ളു. അന്ന് ഹമീദ് മാസ്റ്ററെ തോല്‍പ്പിച്ച് വി ശശികുമാര്‍ പെരിന്തല്‍മണ്ണയെ ചുവപ്പിച്ചു . 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ, 2016 ല്‍ കേവലം 579 വോട്ടിനായിരുന്നു അലിയുടെ ജയം. പക്ഷേ 2019 ലെ ലോക്സഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 23038 വോട്ടിന് ലീഡ് ചെയ്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ എല്‍ ഡി എഫിനാണ് നേരിയ മുന്‍തൂക്കം. 267 വോട്ടിന്. മണ്ഡലത്തിലെ 7 തദ്ദേശ ഭരണ മേഖലകളില്‍ നാലിടത്തും എല്‍ഡിഎഫിന് ആണ് മേല്‍ക്കൈ. പെരിന്തല്‍മണ്ണ നഗരസഭയും പുലാമന്തോള്‍, താഴേക്കോട്, മേലാറ്റൂര്‍ പഞ്ചായത്തുകളും എല്‍ഡിഎഫിന് ഒപ്പം ആണ്. ഏലംകുളം, വെട്ടത്തൂര്‍, ആലിപ്പറമ്പ് പഞ്ചായത്തുകളില്‍ യുഡിഎഫിന് വോട്ട് കൂടുതലുണ്ട്. അതുകൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ ആഞ്ഞ് ശ്രമിച്ചാല്‍ പെരിന്തല്‍മണ്ണ പിടിമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.2011 ലും 16 ലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ, മുന്‍ എം എല്‍ എ കൂടിയായ വി ശശികുമാറിനെതന്നെയാണ് നിലവില്‍ പെരിന്തല്‍മണ്ണയില്‍ സി.പി.എം പരിഗണിക്കുന്നത്

Sharing is caring!