ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ പാലംവലിക്ക് സാധ്യത

ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ പാലംവലിക്ക് സാധ്യത

മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ അന്‍വര്‍ എം.എല്‍.എക്കെതിരെ ഇത്തവണയും ആര്യാടന്‍ ഷൗക്കത്തിനെ തന്നെ മത്സരിപ്പിക്കാന്‍ നീക്കം. ഷൗക്കത്തിനെ മത്സരിപ്പച്ചില്ലെങ്കില്‍ മലയോരമേഖലയില്‍ ശക്തമാ സ്വാധീനമുള്ള ആര്യാടന്‍ മുഹമ്മദിന്റേയും, മകന്‍ ഷൗക്കത്തിന്റേയും പ്രവര്‍ത്തകര്‍ കാലുവാരുമെന്നും സൂചന. 35 വര്‍ഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരില്‍ അട്ടിമറിവിജയം നേടിയ പി.വി അന്‍വറില്‍ നിന്നും നിലമ്പൂര്‍ തിരികെ പിടിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെതന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്യാടനു ശേഷം ഒരു മാറ്റം വേണമെന്ന മുറവിളിയാണ് മുന്‍ കോണ്‍ഗ്രസുകാരനായ പി.വി അന്‍വറെ കഴിഞ്ഞ തവണ തുണച്ചത്. എന്നാല്‍ എം.എല്‍.എയായി അഞ്ച് വര്‍ഷം പിന്നിടുന്ന അന്‍വറിന്റെ വിവാദങ്ങളും കേസുകളും ഇപ്പോള്‍ ഇടതുമുന്നണിക്ക് തലവേദനയാണ്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫിന് ലഭിച്ച അട്ടിമറി വിജയവും, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും വോട്ടായിമാറാനുള്ള സാധ്യതയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. ആര്യാടന്റെ കുത്തക തകര്‍ത്ത് 1982ല്‍ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷ സ്വതന്ത്രനാക്കി രംഗത്തിറക്കിയാണ് ഇടതുമുന്നണി 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലമ്പൂര്‍ പിടിച്ചത്. ഈ പരീക്ഷണം രണ്ടാം വട്ടം ആവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. 1987ല്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ 10333 വോട്ടുകള്‍ക്ക് ആര്യാടന്‍ നിലമ്പൂരിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തി. പിന്നീട് തുടര്‍ച്ചയായി ആറു തെരഞ്ഞെടുപ്പുകളില്‍ നിലമ്പൂര്‍ ആര്യാടനൊപ്പമായിരുന്നു. 2006ല്‍ അന്നത്തെ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂര്‍ പിടിക്കാന്‍ സി.പി.എം ഇറക്കിയത്. എന്നാല്‍ ആര്യാടന്‍ 18070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി. ആര്യാടന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച 2016ലാണ് നിലമ്പൂര്‍ കോണ്‍ഗ്രസിന് നഷ്ടമായത്.
ആര്യാടന്റെ പിന്‍ഗാമിയായി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോള്‍ മുന്‍ കോണ്‍ഗ്രസുകാരനായ പി.വി അന്‍വര്‍ 11504 വോട്ടിന് നിലമ്പൂരില്‍ അട്ടിമറി വിജയം നേടുകയായിരുന്നു.
യു.ഡി.എഫ് പാളയത്തിലെ വോട്ടുചോര്‍ച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോര്‍ച്ചയും വിനയായി. അഞ്ചു വര്‍ഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. നിലമ്പൂരില്‍ എം.എല്‍.എയായി വിജയിച്ചപ്പോള്‍ നിലമ്പൂരില്‍ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങള്‍ക്കായി തുറന്നിടുമെന്നായിരുന്നു പി.വി അന്‍വറിന്റെ കൈയ്യടി നേടിയ പ്രഖ്യാപനം. ആര്‍ക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവര്‍ക്കും എപ്പോഴും കയറിചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ആര്യാടന്‍ ഹൗസിനു പകരമായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. എന്നാല്‍ അഞ്ചു വര്‍ഷമായിട്ടും അന്‍വര്‍ ഒതായിയില്‍ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പകരം നിലമ്പൂരില്‍ എം.എല്‍.എ ഓഫീസ് തുറന്നു. ഓഫീസില്‍ എം.എല്‍.എയുടെ സാന്നിധ്യം ചൊവ്വാഴ്ചയായി ക്രമപ്പെടുത്തി. ഈ മാറ്റം ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് ഇത്തവണ അറിയാം.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി പിടിക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പി.വി അന്‍വറിനെയായിരുന്നു. പൊന്നാനിയില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ അന്‍വറിന്റെ 1,93, 273 വോട്ടുകളുടെ തോല്‍വി ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. 2014ല്‍ വി. അബ്ദുറഹിമാന്‍ കേവലം 25410 വോട്ടുകള്‍ക്ക് തോറ്റിടത്തായിരുന്നു അന്‍വറിന്റെ രണ്ടുലക്ഷത്തോളം വോട്ടുകളുടെ പരാജയം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ രാഹുല്‍ഗാന്ധിക്ക് 61660 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും നിലമ്പൂര്‍ നിയമസഭാ മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയോജകമണ്ഡലം.
20വര്‍ഷത്തെ യു.ഡി.എഫ് കുത്തക തകര്‍ത്ത് നിലമ്പൂര്‍ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തികൊണ്ട് 5 പഞ്ചായത്തുകളില്‍ ഭരണമെന്ന മികച്ച മുന്നേറ്റവും നടത്തി.
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം എന്നീ രണ്ടു പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫിന് ഭരണം നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകളിലും ഭൂരിപക്ഷം യു.ഡി.എഫിനാണ്.
യു.ഡി.എഫില്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ കത്തോലിക്കാസഭാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചതോടെ നിലമ്പൂരില്‍ പ്രബലമായ ക്രൈസ്തവ, ഹിന്ദു സമുദായങ്ങളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിക്കാണ് കോണ്‍ഗ്രസില്‍ സാധ്യത. ഈ അനുകൂല ഘടകം ആര്യാടന്‍ ഷൗക്കത്തിന് തുണയാണ്. മലബാറില്‍ നിന്ന് മതേതര മുസ്ലിംകോണ്‍ഗ്രസ് നേതാവെന്ന പ്രതിഛായയും അനുകൂല ഘടകമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷം രണ്ടു പ്രളയകാലത്തായി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തിയത്. അതേസമയം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും നിലമ്പൂരിനായി ശക്തമായി രംഗത്തുണ്ട്. 2011ല്‍ തവനൂരില്‍ കെ.ടി ജലീലിനോട് മത്സരിച്ച പരാജയപ്പെട്ട പ്രകാശ് 2016ല്‍ നിലമ്പൂര്‍ സീറ്റിനുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. നിലമ്പൂര്‍ സീറ്റിനു പകരമായാണ് പ്രകാശിന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലമ്പൂരില്‍ സീറ്റു നിഷേധിക്കപ്പെട്ടതോടെ പ്രകാശ് വിഭാഗം ആര്യാടന്‍ ഷൗക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തവണ പ്രകാശിന് സീറ്റ് നല്‍കിയാല്‍ ആര്യാടന്‍ വിഭാഗവും പാലംവലിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മധ്യസ്ഥ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങാന്‍ മണ്ഡലത്തില്‍ നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ് ജോയിയും ശ്രമിക്കുന്നുണ്ട്.
പി.വി അന്‍വറിനെ നിലമ്പൂരിനോട് ചേര്‍ന്നു കിടക്കുന്ന ഏറനാട് മണ്ഡലത്തിലേക്കു മാറ്റാനുള്ള ചര്‍ച്ചയും സി.പി.എമ്മില്‍ നടക്കുന്നുണ്ട്. 2011ല്‍ അന്‍വര്‍ ഏറനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 11,246 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.കെ ബഷീര്‍ ഏറനാട്ടില്‍ നിന്നും വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐയിലെ അഷ്റഫ് കാളിയത്തിന് കേവലം 2700 വോട്ടുമായി കെട്ടിവെച്ച കാശുപോലും കിട്ടാത്ത നാണം കെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അന്‍വര്‍ മാറിയാല്‍ നിലമ്പൂരിലേക്ക് പറഞ്ഞുകേള്‍ക്കുന്നവരില്‍ നാട്ടുകാരനായ എം.സ്വരാജ് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ എന്നിവരുടെ പേരും ഉയരുന്നുണ്ട്.

 

 

 

 

Sharing is caring!