മലപ്പുറം ജില്ല തൂത്തുവാരാനൊരുങ്ങി മുസ്ലിംലീഗ്

മലപ്പുറം ജില്ല തൂത്തുവാരാനൊരുങ്ങി മുസ്ലിംലീഗ്

മലപ്പുറം: പച്ചക്കക്കോട്ടയായ മലപ്പുറത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍മുസ്ലിംലീഗിന് നഷ്ടമായ ഒരേയൊരു സീറ്റ് ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങി മുസ്ലിംലീഗ്. സംസ്ഥാന വ്യാപകമായ ഇടതുതരംഗമുണ്ടായാലും മലപ്പറത്തെ തരംഗം ലീഗിനൊപ്പം തന്നെയാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. സി.പി.എമ്മും തീരെ പ്രതീക്ഷയില്ലാത്ത ജില്ലയാണ് മലപ്പുറം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ തോറ്റത് മുസ്ലിംലീഗിന്റെ ഒരേയൊരു സ്ഥാനാര്‍ഥി മാത്രമാണ്.
മറ്റു മണ്ഡലങ്ങളിലെല്ലാം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പരാജയപ്പെട്ടത് ലീഗിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന താനൂരിലാണ്. സിറ്റിംഗ് എം.എല്‍.എയായിരുന്ന ലീഗിന്റെ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസില്‍നിന്നും വന്ന് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി.അബ്ദുറഹിമാനായിരുന്നു. ഇതിനാല്‍ തന്നെ ഇത്തവണ താനൂരില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. അബ്ദുറഹിമാന്‍ രണ്ടത്താണി തന്നെ മത്സരിക്കണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുമ്പോള്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ പരിഗണിക്കണമെന്ന് യൂത്ത്‌ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.ഫിറോസ് മത്സരിച്ചാല്‍ താനൂരില്‍ പുഷ്പംപോലെ ലീഗ് വിജയിക്കുമെന്നാണ് ഇക്കൂട്ടര്‍ കണക്ക്കൂട്ടുന്നത്.
സ്ഥിരം ലീഗ്-സി.പി.എം രാഷ്ട്രീയ സംഘര്‍ഷ മേഖലകൂടിയായ താനൂരിലെ നിയസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും വലിയ ഗൗരവത്തോടെയാണ് കാണുന്നത്.
താനൂരില്‍ മൂന്നാമങ്കത്തിന് ഇറങ്ങിയ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 4918 വോട്ടിനാണ് വി അബ്ദുറഹ്മാന്‍ കഴിഞ്ഞ തവണ തോല്‍പ്പിച്ചത്. ഇടതു മുന്നണിയുടെ സ്വന്തം വോട്ടുകളേക്കാള്‍ വി അബ്ദുറഹ്മാന്‍ വ്യക്തി പ്രഭാവം കൊണ്ട് നേടിയ വോട്ടുകളാണ് ഇവിടെ നിര്‍ണായകമായത്. കഴിഞ്ഞ തവണ മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫിന് മൊത്തം നാല് നിയമസഭാ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും മറ്റു മൂന്നു സീറ്റുകളിലേയും എതിര്‍സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസുകാരായിരുന്നു. സീറ്റ് വീതംവെപ്പില്‍ നിലമ്പൂര്‍, തവനൂര്‍, പൊന്നാനി, വണ്ടൂര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയിരുന്നത്. ഇതില്‍ വണ്ടൂരില്‍ എ.പി.അനില്‍കുമാര്‍ മാത്രമാണ് കോണ്‍ഗ്രസില്‍നിന്നും വിജയിച്ചത്.

 

 

Sharing is caring!