മലപ്പുറത്തെ ഫൈസലിന് റിയാദില്‍ മസ്തിഷ്‌ക മരണം

മലപ്പുറം: സഊദിയിലെ റിയാദില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ തലച്ചോറിനെ ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. ചെമ്മാട് ഫൈസല്‍ പറമ്പന്‍ (42) ആണ് റിയാദില്‍ മരണപ്പെട്ടത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതപത്രം നല്‍കിയിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഫൈസല്‍ പറമ്പന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്തു.
സിസിടിവി ടെക്നീഷ്യനായിരുന്ന ഫൈസല്‍ ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെളിമുക്കില്‍ സ്ഥിരതാമസക്കാരനായ ഇദ്ദേഹം നാട്ടില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായത്. സിസിടിവി കാമറ ഫിറ്റ് ചെയ്യുന്നതിനെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. പിതാവ്: പറമ്പന്‍ മൊയ്ദീന്‍, മാതാവ് ഫാത്തിമാബി, ഭാര്യ: ഫസീല യാറത്തുംപടി, മക്കള്‍: ഫസല്‍ നിഹാന്‍ (16), ഫിസാന ഫെമി (8), ഫൈസന്‍ ഫൈസല്‍. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സിദ്ദീഖ് തുവ്വൂര്‍, ചെമ്മാട് കൂട്ടാഴ്മ പ്രസിഡന്റ് സി പി മുസ്തഫ, ജന. സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പന്‍, സെക്രട്ടറി മുനീര്‍ മക്കാനിയത്ത് എന്നിവര്‍ രംഗത്തുണ്ട്.

Sharing is caring!