ഹിറ്റായി പ്രചാരണ ഗാനം, ഏറ്റെടുത്ത് മുന്നണികള്‍; വരികളെഴുതിയ ഷാഹുല്‍ ഇവിടെയുണ്ട്…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നണികളുടെ നീക്കം. ഇതോടൊപ്പം വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങളും സജീവമായിട്ടുണ്ട്. മലപ്പുറം ഐക്കരപ്പടി സ്വദേശി ഷാഹുല്‍ വരികളെഴുതിയ ഒരു തെരഞ്ഞെടുപ്പ് ഗാനം ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
‘കിളികള്‍ പാടണം… പുതിയ പുലരി കാണണം… കനവ് നെയ്യണം… കവിത തെരുവില്‍ ഉയരണം…’ എന്ന ഷാഹുലിന്റെ വരികളാണ് മുന്നണികള്‍ ഒപ്പത്തിനൊപ്പം ഉപയോഗിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രരും ഷാഹുലിന്റെ വരികള്‍ ഏറ്റെടുത്തു.
ഇതിനകം സമൂഹ മാധ്യമങ്ങളിലും ഗാനം വൈറലായി കഴിഞ്ഞു. താന്‍ വരികളെഴുതിയ ഗാനം ഹിറ്റായ സന്തോഷത്തിലാണ് ഷാഹുല്‍. മുന്നണികള്‍ അനുവാദമില്ലാതെയാണ് ഗാനം ഉപയോഗിക്കുന്നതെങ്കിലും പരാതികളോ പരിഭവങ്ങളോ ഷാഹുലിനില്ല. എന്തിരുന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയില്‍ ഷാഹുലിന്റെ വരികള്‍ ആവേശം ഉയര്‍ത്തുകയാണ്.

Sharing is caring!