മലപ്പുറം ചങ്ങരംകുളം ടൗണില്‍ റബര്‍ തോട്ടം തീര്‍ത്ത് രവീന്ദ്രന്‍

മലപ്പുറം: ടൗണില്‍ റബര്‍ തോട്ടം തീര്‍ത്ത് വെള്ളാഞ്ചേരികളത്തില്‍ രവീന്ദ്രന്‍. മലപ്പുറത്തെ ചങ്ങരംകുളം ടൗണ്‍ പ്രദേശത്ത് ഒന്നരയേക്കറില്‍ റബര്‍ തോട്ടമുണ്ടെന്ന് പറഞ്ഞാല്‍ ചങ്ങരംകുളത്തുകാര്‍ പോലും വിശ്വസിക്കുകയുമില്ല. കാരണം കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് വിലയില്ലാത്ത റബര്‍ കൃഷി ചെയ്യാന്‍ വഴിയില്ല എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഒന്നരയേക്കറില്‍ ചങ്ങരംകുളത്തുമുണ്ട് റബര്‍ തോട്ടം.

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോടു ചേര്‍ന്ന് ശ്രീ ശാസ്താ സ്‌കൂളിന് സമീപത്തായാണ് ചങ്ങരംകുളം സ്വദേശിയുടെ ഈ കൃഷിയിടം. 2011 കാലഘട്ടത്തിലാണ് വെള്ളാഞ്ചേരികളത്തില്‍ രവീന്ദ്രന്‍ റബര്‍ കൃഷി ആരംഭിക്കുന്നത്. റബറിന് വിലയേറിയ കാലഘട്ടത്തില്‍ കിലോക്ക് 216 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് ഗവ. സബ്സിഡിയോടെ വില 150 രൂപ.
കൃഷി ആരംഭിച്ചതിന് ശേഷം വര്‍ഷം വര്‍ഷം വിലയിടിവ് സംഭവിച്ചതോടെ പലരും കൃഷി അവസാനിപ്പിച്ചു. പ്രത്യേകം പരിശീലനം നേടാന്‍ വേണ്ടി എടുത്ത സമയവും പരിശ്രമവും രവീന്ദ്രനെ പ്രതീക്ഷയോടെ തന്നെ റബര്‍ കൃഷിയില്‍ പിടിച്ച് നിര്‍ത്തി.

മറ്റ് കൃഷിയെ അപേക്ഷിച്ച് നിലത്ത് നിന്ന് തന്നെ വിളവെടുക്കാമെന്നതും വര്‍ഷത്തില്‍ 130 ദിവസവും ടാപ്പിംഗ് നടത്താം എന്നുള്ളതും ആദായകരമാണ് എന്നാണ് രവീന്ദ്രന്‍ പറയുന്നത്. പുതിയ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്ന് വരാത്തത് സ്ഥലപരിമിതിയും പെട്ടന്ന് ആദായം ലഭിക്കാത്തതിനാലുമാണ്. മറ്റ് കൃഷിയപ്പോലെ മനോഹരവും ആനന്ദകരവുമാണ് റബര്‍ കൃഷിയുമെന്നാണ് ഇദേഹം പറയുന്നു.

Sharing is caring!