അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റിലെ വാഴകള്‍ നശിപ്പിച്ച് വീണ്ടും ഗുണ്ടാ അതിക്രമം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എയായ പി.വി അന്‍വറിനെതിരായ പരാതിക്കാരി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ റീഗള്‍ എസ്റ്റേറ്റിലെ 45 വാഴകള്‍ നശിപ്പിച്ചു. രണ്ടു മാസം വളര്‍ച്ചയെത്തിയ വാഴകളാണ് ഇന്നലെ രാത്രി എട്ടരയോടെ നശിപ്പിക്കപ്പെട്ടത്. എസ്റ്റേറ്റില്‍ നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇത് ചൂണ്ടികാട്ടി ജയ മുരുഗേഷ് 23ന് എസ്.പിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
കോവിഡ് ലോക്ഡൗണിനിടെ ഏപ്രില്‍ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. ആറു മാസമായിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. റീഗള്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റില്‍ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബര്‍ മരങ്ങളും നശിപ്പിച്ചു. ഈ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. റീഗള്‍ ഗ്രൂപ്പിനു കീഴിലുള്ള മാമ്പറ്റയിലെ ബൃന്ദാവന്‍ എസ്റ്റേറ്റിലെ 225 കമുകിന്‍ തൈകളും വെട്ടി നശിപ്പിച്ച കേസില്‍ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അന്‍വര്‍ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ജയ മുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയ കേസിലും ഇരുവരും പ്രതികളാണ്.
മരങ്ങള്‍ കടത്തുന്നതിനിടെ ട്രാക്ടറും പിന്നീട് മരം കടത്താനുപയോഗിച്ച് ലോറിയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബര്‍ മരങ്ങള്‍ കൈയ്യേറി ടാപ്പ് ചെയ്തും രണ്ട് കുഴല്‍കിണറുകളിലെ മോട്ടോര്‍ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങള്‍ തുടര്‍ന്നിരുന്നു. എം.എല്‍.എയുടെ ആളുകളെന്നു പറഞ്ഞാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതെന്നും പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ജയ മുരുഗേഷ് പറഞ്ഞു.

Sharing is caring!