മമ്പുറം തങ്ങള്‍ ധീരനായ സ്വാതന്ത്ര്യ സമരസേനാനി; കുഞ്ഞാലിക്കുട്ടി

മമ്പുറം തങ്ങള്‍  ധീരനായ സ്വാതന്ത്ര്യ സമരസേനാനി; കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി : രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് ഒരു നൂറ്റാണ്ടിന് മുമ്പുതന്നെ വൈദേശിക ശക്തികളോട് യുദ്ധം ചെയ്ത ധീരദേശാഭിമാനിയായിരുന്നു മമ്പുറം സയ്യിദ് അലവിതങ്ങളെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കൊളപ്പുറത്ത് നിര്‍മ്മിച്ച മമ്പുറം തങ്ങള്‍ സ്മാരക ലൈബ്രറി കം സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ മുകളിലാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മതപണ്ഡിതനും സൂഫിവര്യനുമായിരുന്ന മമ്പുറം തങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നുവെന്നത് ഇനിയും ചര്‍ച്ച ചെയ്യപ്പെടാതെ പോയിരിക്കുകയാണ്. 1843ല്‍ ക്യാപ്റ്റന്‍ ലീഡിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ തന്റെ കാലിനേറ്റ വെടിയുണ്ടയും വെട്ടേറ്റ മുറിവുകളുമാണ് തങ്ങളുടെ മരണകാരണമായി പറയപ്പെടുന്നത്. തന്റെ സന്തത സഹചാരിയായിരുന്ന കോന്തുനായരുമൊത്ത് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാരുന്നു തങ്ങള്‍. ശരിയായ ചരിത്രം പഠിക്കാനും ചരിത്രബോധമുള്ളവരായി വളരാനും പുതിയ തലമുറക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്ത് പ്രപസിഡന്റ് സുബൈദ കുപ്പേരി, സുലൈഖ മജീദ്, ഷൈലജ പുനത്തില്‍, ഡി. ഉണ്ണികൃഷ്ണന്‍, രവികുമാര്‍ പി, നാസര്‍ മലയില്‍, വി.പി. സക്കീര്‍ ഹുസൈന്‍, അയിഷ പിലാക്കടവത്ത്, ഇസ്മയില്‍ പൂങ്ങാടന്‍, ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി, മുസ്തഫ ചോലക്കല്‍, ഷറഫുദ്ധീന്‍ ചോലക്കല്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!