സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ മന്ത്രി സ്ഥാനം തുലാസില്‍

സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന്റെ മന്ത്രി സ്ഥാനം തുലാസില്‍

മലപ്പുറം: മന്ത്രി കെ ടി ജലീല്‍ ഊരാക്കുടുക്കിലേക്ക്. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ ജലീലിന്റെ വാദം തള്ളുകയാണ് കസ്റ്റംസ്. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നു. 1883 മുതല്‍ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസില്‍ നിന്നാണ്. ഇതോടെ ഖൂര്‍ആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്.

യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്. ഇതും ജലീലിന് വിനയാണ്. ഒരു രാഷ്ട്രീയ ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. കാര്യങ്ങള്‍ ജലീലിന്റെ രാജിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണ്ണറോടും സ്ഥിതി ഗതികളും അന്വേഷണ പുരോഗതിയും കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഖൂര്‍ ആന്‍ വാദവും പൊളിയുകാണ്.

കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍, കസ്റ്റംസ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നതല്ല. ‘എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല’- ഇങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഖൂര്‍ആന്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത.

തിരൂരങ്ങാടിയിലാണ് ഖൂര്‍ആന്‍ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള ഖൂര്‍ആനുകള്‍ തിരൂരങ്ങാടിയില്‍ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തില്‍ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇതും ജലീലിന്റെ വാദങ്ങളെ തളര്‍ത്തുന്നു. സ്വപ്നാ സുരേഷിന്റെ ഫോണ്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ തന്നെ ജലീലിലും സംശയ നിഴലിലായി. കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂര്‍ആന്‍ കഥയും പറഞ്ഞതുമില്ല. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയില്‍ ഇക്കാര്യം എത്തിയത്. പരിശോധനയില്‍ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂര്‍ആന്‍ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീല്‍ എത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഇട നല്‍കി.

അതിനിടെ ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയതായാണ് അറിവ്. ഇത് പരിശോധിച്ച് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുക്കും. മന്ത്രിയെ പുറത്താക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഖൂര്‍ആനെ പിടിച്ച് ജലീല്‍ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂര്‍ആന്‍ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളില്‍ തിരൂരങ്ങാടിയില്‍ ഖൂര്‍ആന്‍ പ്രിന്റ് ചെയ്യുന്നുണ്ട്. ഇതും ജലീലിന്റെ വാദങ്ങളെ പൊളിക്കുന്നു.

>മലപ്പുറത്തേക്ക് തിരുവനന്തപുരത്ത് നിന്ന് ഖൂര്‍ആന്‍ വാഹനത്തില്‍ എത്തിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്നതാണ് വസ്തുത. അതിനിടെ ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളായി. വിവിധ ബാങ്കുകളില്‍നിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങള്‍ ശേഖരിച്ചു. എന്‍.ഐ.എ.യുടെ എഫ്.ഐ.ആര്‍. പ്രകാരംതന്നെ ഈ നടപടികള്‍ തുടങ്ങാനാവും. പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതികളായ പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്. ഹവാലാ പണമോ സ്വര്‍ണ്ണമോ ആകാം തിരുവനന്തപുരത്ത് നിന്ന് വാഹനത്തില്‍ എത്തിച്ചതെന്ന സംശയവും സജീവമാണ്. മൂന്നാഴ്ച മുന്‍പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്നയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടാനാണ് ഗവര്‍ണറെ എന്‍ഐഎ സംഘം സന്ദര്‍ശിച്ചത് എന്ന് ശ്രുതികള്‍ പരന്നിരുന്നെങ്കിലും ജലീലും സ്വര്‍ണ്ണക്കടത്തുമായി വന്ന ബന്ധം ചൂണ്ടിക്കാട്ടാനാണ് ഈ സന്ദര്‍ശനം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതൊക്കെ തന്നെ അറിയുന്നതുകൊണ്ടാണ് രാജി ആസന്നമെങ്കില്‍ ജലീലിനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണസിരാകേന്ദ്രത്തില്‍ ഉരുത്തിരിയുന്നതും.
<ു>സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ നടത്തിവരുന്ന അന്വേഷണം ജലീലിനു കുരുക്കായി മാറിയേക്കുമെന്നു മന്ത്രിസഭയില്‍ ജലീലിന്റെ രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനും ബോധ്യമായിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കെ മന്ത്രി ജലീലിന്റെ രാജി ആസന്നമെന്ന് ഇടതു കേന്ദ്രങ്ങളും വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. രാജി വേണ്ടി വന്നാല്‍ മന്ത്രി എന്ന നിലയിലുള്ള പരിരക്ഷ ജലീലിനു നഷ്ടമാകും. ഇത് ജലീലിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു ജലീലിനെ ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ എന്‍ഐഎയ്ക്ക് മുന്നില്‍ തടസവും വരില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ രാജി എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. മന്ത്രി എന്ന നിലയില്‍ ജലീല്‍ യുഎഇ കോണ്‍സുലെറ്റുമായി ഇടപെട്ട രീതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തില്‍ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീല്‍ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയ ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീല്‍ കാറ്റില്‍പ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് വിദേശകാര്യാ മന്ത്രാലയം നടത്തുന്നത്. ഇതിനു ചുവടുപിടിച്ചുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയും നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികള്‍ സ്വര്‍ണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എന്‍ഐയും നടത്തുന്നുണ്ട്. നിലവില്‍ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോണ്‍സുലേറ്റില്‍ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്‌സലില്‍ ഖുറാന്‍ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീല്‍ തന്നെ വ്യക്തമാക്കിയത്. യുഎഇ കോണ്‍സുലെറ്റില്‍ നിന്നും റംസാന്‍ കിറ്റുകള്‍ വാങ്ങി തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്നും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയില്‍ മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവില്‍ യുഎഇ കോണ്‍സുലേറ്റ്. ഈ കോണ്‍സുലെറ്റുമായാണ് മന്ത്രി ജലീല്‍ ജലീല്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോണ്‍സുലെറ്റില്‍ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകള്‍ ഖുറാന്‍ ആണെന്ന് മന്ത്രി ജലീല്‍ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനില്‍ക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

Sharing is caring!