പറയാനുള്ളത് മൗനത്തിൽ ഒളിപ്പിച്ച് ലീഗ്; പ്രിയങ്കയ്ക്കെതിരെ ദുർബലമായ മറുപടി മാത്രം

മലപ്പുറം: പറയാനുള്ളത് പറയാനാവാതെ പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര അനുകൂല പ്രസ്താനയ്ക്കുള്ള മറുപടി ഏതാനും വരികളിലൊതുക്കി മുസ്ലിം ലീഗ്. ഒരു മണിക്കൂറിലധികം നീണ്ട നേതൃയോഗത്തിന് ശേഷമാണ് മുസ്ലിം ലീഗ് ഈ വിഷയത്തിൽ മറുപടി നൽകിയത്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ അപലപിക്കുന്നു, അത് അസ്ഥാനത്തുള്ളതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍; ഭഗവാന്‍ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെയെന്നാണ് പ്രിയങ്ക ട്വിറ്ററിലൂടെ ആശംസിച്ചത്. ഈ പ്രസ്താവനയാണ് മുസ്ലിം ലീഗിനെ അലോസപ്പെടുത്തിയത്. ലീഗിന്റെ അസംതൃപ്തി മനസിലാക്കി കെ സി വേണുഗോപാൽ അടക്കമുള്ളവർ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
മുസ്ലിം ലീഗിന്റെ വിഷയത്തിലെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുമോയെന്ന ചോദ്യത്തിന് അത് മാധ്യമങ്ങളിലൂടെ അറിയുമെന്നായിരുന്നു മറുപടി. ഇതിൽ നിന്നു തന്നെ ലീഗ് നിലപാട് ദേശീയ തലത്തിലും, കോൺഗ്രസ് ഹൈക്കമാൻഡിലും ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നിലെന്ന് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ വർഗീയത ആളിക്കത്തിക്കുന്ന നിലപാട് മുസ്ലിം ലീഗിന്റെ ഭാഗത്ത് ഉണ്ടാകരുതെന്നാണ് തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലതിലും കോൺഗ്രസ് നിലപാടിനോട് മൗനം പാലിച്ച ലീഗ് ഇവിടെ ചെറിയൊരു വിമർശനമെങ്കിലും ഉയർത്തിയത് അണികളുടെ വികാരം മാനിച്ചാണ്. എന്നാൽ അതിലപ്പുറം ഈ വിഷയത്തിൽ വൈകാരികമായി ഇടപെടണ്ടെന്ന നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. കോടതി വിധിയോടെ അടഞ്ഞതാണ് അയോധ്യ വിഷയം. മുസ്ലിം ലീഗ് ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കില്ല. അത് നാട്ടിലെ സാമുദായിക ഐക്യത്തിന് വഴി തെളിക്കും. സാഹചര്യം മുതലാക്കി വിഭജനത്തിന് കാരണമാകുന്ന ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, കെ പി എ മജീദ്, എം കെ മുനീർ തുടങ്ങിയവർ പങ്കെടുത്തു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]