കാര്‍ഷികമേഖലയ്ക്ക് കരുത്തായി പതിനാറുങ്ങലിലെ കര്‍ഷകസംഘം

കാര്‍ഷികമേഖലയ്ക്ക്  കരുത്തായി പതിനാറുങ്ങലിലെ കര്‍ഷകസംഘം

തിരൂരങ്ങാടി: കര്‍ഷകരുടെ കരുത്തായിമാറുന്ന കേരള കര്‍ഷക സംഘം തിരൂരങ്ങാടി പതിനാറുങ്ങല്‍ യൂണിറ്റ് കൃഷിയിലെ മറ്റൊരു വിജയഗാഥ തീര്‍ക്കുകയാണ്. നഗരസഭയില്‍ വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുകയും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുമാണ് കര്‍ഷക സംഘം രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയൊരുക്കിയത്. ചിരങ്ങയും കുമ്പളവും വെണ്ടയും പയറുമെല്ലാം രണ്ടാംഘട്ട വിളവെടുപ്പിനൊരുങ്ങി നില്‍ക്കുകയാണ്. സംഘമൊരുക്കിയ കൃഷിയില്‍ തലയെടുപ്പോടെ ഒരേക്കറില്‍ വാഴകളുമുണ്ട്. സംഘത്തിന് കീഴില്‍ അഞ്ചു പേര്‍ നേതൃത്വം നല്‍കുന്ന ജൈവ പച്ചക്കറികൃഷി മികച്ച വിളവിലൂടെ മുന്നേറുകയാണ്. തരിശായി കിടന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് കേരള കര്‍ഷക സംഘം ഇന്ന് പച്ചപ്പിന്റെയും വിഷരഹതി പച്ചക്കറികളുടെയും കേന്ദ്രമാക്കി മാറ്റിയത്. മൂന്ന് മാസം മുന്‍പ് ആരംഭിച്ച കൃഷിയിലൂടെ ലഭിച്ച വിളവുകളുടെ ഗുണമേന്‍മ തിരച്ചറിഞ്ഞ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ കൃഷി ഭവനിലെ എക്കോ ഷോപ്പില്‍ വില്‍പ്പന നടത്താനും ആവശ്യപ്പെട്ടു. കൂടാതെ പരിസരവാസികളും നേരിട്ട് വാങ്ങാന്‍ എത്തുന്നുണ്ട്. പുകയില കഷായമുപയോഗിച്ചുള്ള ജൈവ കീടനാശിനി പ്രയോഗത്തിലൂടെയും ചാണകം, ചാരം തുടങ്ങിയ വളപ്രയോഗത്തിലൂടെ മാത്രമാണ് കൃഷി. പച്ചക്കറി ഇനങ്ങള്‍ക്കൊപ്പം കക്കരിക്കയും തണ്ണിമത്തനും ഈ കൃഷിതോട്ടത്തിലുണ്ട്. പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിനൊപ്പം തിരൂരങ്ങാടി കൃഷി ഭവന്റെ മികച്ച പിന്തുണ കൃഷിക്ക് ലഭിക്കുന്നതായി സംഘം സെക്രട്ടറി എം.പി ഇസ്മായില്‍ പറഞ്ഞു. വിഷുവിന് തിരൂരങ്ങാടി മേഖലയ്ക്ക് ആവശ്യമായ പച്ചക്കറി എത്തിക്കാനും സ്വന്തമായി ഔട്ട്‌ലെറ്റ് തുടങ്ങുവാനുമുള്ള തയാറെടുപ്പിലാണ് കര്‍ഷ സംഘം.

Sharing is caring!