മുസ്ലിംലീഗിനെ അഭിനന്ദിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം.

മുസ്ലിംലീഗിനെ  അഭിനന്ദിച്ച് സി.പി.എം  സംസ്ഥാന കമ്മിറ്റി യോഗം.

തിരുവനന്തപുരം: മുസ്ലിംലീഗിനെ അഭിനന്ദിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം. പൗരത്വ നിയമത്തിനെതിരെ ജനുവരി 26ന് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ സഹകരിക്കാന്‍ തയാറെങ്കില്‍ പ്രതിപക്ഷത്തെയും കൂട്ടുമെന്ന് സിപിഎം. തലസ്ഥാനത്തു നടന്ന സംയുക്തസമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം രൂക്ഷമായി വിമര്‍ശിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലീം ലീഗ് എന്നിവരുടെ സഹകരണ സമീപനത്തെ പേരെടുത്ത് അഭിനന്ദിച്ചതും ശ്രദ്ധേയമായി.

യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഭിന്നതകള്‍ ചൂണ്ടിക്കാട്ടി അവരെ വെട്ടിലാക്കാനാണു സിപിഎം മുതിര്‍ന്നിരിക്കുന്നത്. മനുഷ്യച്ചങ്ങലയുടെ വിപുലമായ സംഘാടനത്തെക്കുറിച്ചു യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ലീഗ് നേതൃത്വത്തിന്റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണെന്നു രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കുകയാണു വേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞു നിലപാട് എടുക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്.

ഇതിനിടെ സങ്കുചിത സിപിഎംവിരുദ്ധ നിലപാടു മാത്രം കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നതു ഖേദകരമാണ്. ശബരിമല പ്രശ്നത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ആര്‍എസ്എസുമായി യോജിച്ചു കര്‍മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിനു സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്നു പറയുന്നത് എത്രമാത്രം സങ്കുചിതമാണ്സിപിഎം ആഞ്ഞടിച്ചു. യോജിച്ച പ്രക്ഷോഭങ്ങളില്‍ എല്ലാവരും ഇനിയും ഒരുമിച്ചു നില്‍ക്കണമെന്നു തന്നെയാണു സിപിഎം നിലപാടെന്നു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. തലസ്ഥാനത്തെ സംയുക്ത സമരത്തിന്റെ തുടര്‍ച്ചയായാണു മനുഷ്യച്ചങ്ങലയെ കാണുന്നത്. യോജിക്കാവുന്ന എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കാന്‍ കഴിയണം. പൗരത്വനിയമവിരുദ്ധ പ്രക്ഷോഭത്തില്‍ മതപരമായ ഉള്ളടക്കം ഉപേക്ഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അരൂരില്‍ സമുദായ, സംഘടനാ പ്രശ്‌നങ്ങള്‍’ അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സംഘടനാതലത്തില്‍ വീഴ്ചകളുണ്ടായെന്ന് സംസ്ഥാന കമ്മിറ്റി. സമുദായ ഘടകങ്ങളടക്കം അവിടെ തോല്‍വിക്കു കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജി.സുധാകരന്റെ ‘പൂതനാപ്രയോഗ’ത്തിനെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമില്ലെന്നറിയുന്നു. ഉറച്ച അരൂര്‍ സീറ്റ് എല്‍ഡിഎഫിനു നിലനിര്‍ത്താന്‍ കഴിയാതെ വന്നതാണ് ആറിടത്തെ ഉപതിരഞ്ഞെടുപ്പു ഫലത്തിനു മങ്ങലേല്‍പ്പിച്ചതെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കണമെന്നു ഭരണസമിതികളോടു നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പിനായുള്ള സംഘടനാ സംവിധാനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കു യോഗം അംഗീകാരം നല്‍കി. എ.വിജയരാഘവന്‍ അധ്യക്ഷനായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Sharing is caring!