ജന്മഭൂമി ലേഖകന്‍ വഴിയാണ് കളമശ്ശേരി എസ്.ഐ കോള്‍ റെക്കോര്‍ഡ് പരസ്യമാക്കിയതെന്ന് സക്കീര്‍ ഹുസൈന്‍

കൊച്ചി: കളമശ്ശേരി എസ്.ഐ അമൃത് രംഗനുമായുള്ള തന്റെ ഫോണ്‍ സംഭാഷണം ബി.ജെ.പി മുഖപത്രം ജന്‍മഭൂമിയുടെ ലേഖകന്‍ മുഖേനയാണ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം ചോര്‍ത്തി നല്‍കിയതെന്ന് സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. വിഷയത്തില്‍ എസ്.ഐക്കെതിരെ പരാതി നല്‍കുമെന്നും സക്കീര്‍ ഹുസൈന്‍ അറിയിച്ചു. എസ്.ഐയുടെ ഔദ്യോഗിക ഫോണിലേക്കാണ് വിളിച്ചത്. ഔദ്യോഗിക ഫോണിലൂടെ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സക്കീര്‍ ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് എസ്.ഐക്കെതിരെ പരാതി നല്‍കുമെന്ന് അറിയിച്ച് സക്കീര്‍ ഹുസൈന്‍ പ്രതികരണവമുായി വന്നത്. കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നായിരുന്നു ബല്‍റാം അഭിപ്രായപ്പെട്ടത്.

ഒരു പൊതുപ്രവര്‍ത്തകന്‍ എസ്.ഐയെ വിളിച്ച് സംസാരിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ലെന്നും അങ്ങനെ വിളിച്ചു സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് അത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതും പരസ്യമാക്കുന്നതും ഗുരുതരമായ തെറ്റാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കളമശേരിയിലെ ജന്മഭൂമിയുടെ ലേഖകന്‍ വഴിയാണ് ഈ ഓഡിയോ ക്ലിപ്പിങ്സ് എസ്.ഐ എല്ലാവര്‍ക്കും കൈമാറിയത് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. എസ്.ഐ നേരത്തെ ആര്‍.എസ്.എസ്, എ.ബി.വി.പി ബന്ധമുള്ള, വലിയ പ്രവര്‍ത്തകനായിരുന്നു. അത് പിന്നീടാണ് മനസിലാവുന്നത്. അതുമാത്രമല്ല, ഇപ്പോള്‍ കളമശേരി സ്റ്റേഷനിലുള്ള പൊലീസുകാരായ ആളുകളില്‍ നിന്നു കിട്ടുന്ന വിവരം ഉന്നത ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പിങ്സ് ഇയാള്‍ പൊലീസുകാരെ കേള്‍പ്പിച്ചു കൊടുത്തതായാണ്. എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല. കുസാറ്റിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്.ഐയെ വിളിച്ചത്. മര്യാദയോടെയാണ് സംസാരിച്ചത്. എസ്.ഐയുടെ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായത്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ്.ഐയുടെ സ്ഥിരം പരിപാടിയാണെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്.എഫ്.ഐ ജില്ലാ നേതാവ് അമലിനെ എസ്.ഐ അമൃതരംഗന്‍ പിടിച്ചുമാറ്റുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ഹുസൈന്‍ എസ്.ഐയെ വിളിച്ചത്. എന്നാല്‍, താന്‍ ടെസ്റ്റ് എഴുതിയിട്ടാണ് ഈ യൂനിഫോം എടുത്തിട്ടതെന്നതുള്‍പ്പെടെയുള്ള പഞ്ച് ഡയലോഗുകളടങ്ങിയ ഫോണ്‍സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

അതേസമയം, വിവാദത്തിന് പിന്നാലെ എസ്.ഐയുടെ സംഘപരിവാര ബന്ധവും മലപ്പുറത്ത് സ്റ്റേഷനില്‍ ലഭിച്ച പരാതി സോഷ്യല്‍മീഡിയ മുഖേന പ്രചരിപ്പിച്ചതുള്‍പ്പെടെയുള്ള അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തന്റെ പേരും വിലാസവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമൂലം തനിക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് യുവതി പരാതിപ്പെട്ടിരുന്നു. 2017ല്‍ പൂക്കോട്ടുംപാടം എസ്.ഐ ആയിരിക്കെയാണ് അമൃതരംഗന്‍ യുവതിയെ കുറിച്ചുള്ള പരാതി പ്രചരിപ്പിച്ചത്. യുവാവിന്റെ പരാതിയില്‍ കരുളായി സ്വദേശിനിയായ യുവതിയുടെ പേരും വിലാസവും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രി, ഡിജിപി, വനിതാകമ്മിഷന്‍, യുവജന കമ്മിഷന്‍ തുടങ്ങിയവര്‍ക്കും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ വനിതാസെല്‍ യുവതിയുടെ മാഴിയും എടുക്കുകയുണ്ടായി. സംഭവത്തോടെ പ്രദേശത്ത് എസ്.ഐക്കെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ഉണ്ടായത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *