മലപ്പുറം മൊയ്തീന്‍കുട്ടിയുടെ ഓര്‍മകള്‍ക്ക് പന്ത്രണ്ട് വര്‍ഷം

സലീം വരിക്കോടൻ

മലപ്പുറം ജില്ല പിറവിയെടുത്തിട്ട് അമ്പതാണ്ട് തികയുമ്പോൾ ഫുട്ബാളിന്റെ ‘മക്ക’യായ മലപ്പുറത്തെ ആദ്യ രാജ്യാന്തര കളിക്കാരനായ മലപ്പുറം മൊയ്തീൻ കുട്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് പന്ത്രണ്ടാണ്ട് തികയുന്നു.

വലിയങ്ങാടി കിഴക്കേതലയിലെ പന്തക്കലകത്ത് കുഞ്ഞമ്മദ്കുട്ടിയുടെയും കൊളക്കാട്ടിൽ ഇത്തിക്കുട്ടിയുമ്മയുടെയും മകനായ മൊയ്തീൻ കുട്ടി, മലപ്പുറത്തുകാർക്ക് ‘ചെറിയാപ്പു’വായിരുന്നു. കേരളത്തിനദ്ദേഹം ‘മൊയ്തീൻകുട്ടി’യും ഇന്ത്യക്ക് ‘കുട്ടി’യുമായിരുന്നു. ഫുട്ബാൾ കമ്പം തലയ്ക്ക് പിടിച്ചവർക്കാകട്ടെ’ പുലിക്കുട്ടി’യും.

മൺമറഞ്ഞിട്ട് പന്ത്രണ്ട് കൊല്ലമായിട്ടും കുറിയവനായിരുന്ന, കാൽപന്ത് കളിയിൽ വലിയവനായ ആ ഫുട്ബാളറുടെ കളി ഓർമകൾ പഴയ കാല കളി പ്രേമികളുടെ മനസ്സിൽ സ്ക്രീനിലെന്നപോലെ ഇന്നുമുണ്ട്. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനം നിറഞ്ഞു കളിച്ചിരുന്ന മൊയ്തീൻ കുട്ടിയുടെ കളിച്ചന്തത്തെക്കുറിച്ച് പറയുമ്പോൾ കളി പ്രേമികൾ ആവേശത്തിന്റെ കൊടി മുടിയേറും. മെയ്വഴക്കം കൊണ്ടും പന്തടക്കം കൊണ്ടും ബുള്ളറ്റ് ഷോട്ടുകൾ കൊണ്ടും പെരുമ നേടിയ മൊയ്തീൻ കുട്ടിയുടെ കളിക്കളത്തിലെ പോരാട്ട ചിത്രങ്ങൾ മലപ്പുറത്തുകാരുടെ മനസ്സിൽ നിന്നും തേഞ്ഞുമാഞ്ഞുപോകില്ലൊരിക്കലും. അത് കല്ലിൽ കൊത്തിവെച്ച പോലെ എക്കാലവും അവരുടെഹൃദയത്തിലുണ്ടാകും.മലപ്പുറത്തുകാർക്ക് മാത്രമല്ല, കുണ്ടറ അലിൻഡക്കുവേണ്ടി പന്ത് തട്ടിയ മൊയ്തീൻ കുട്ടിയെ തെക്കൻ കേരളത്തിലെ കളി പ്രേമികൾകൾക്കും മറവിയിൽ തള്ളാനാവില്ല. കൊല്ലം എം. എൽ .എ യും പ്രസിദ്ധ സിനിമാനടനുമായ മുകേഷ് ഇന്റർ നാഷനൽ മൊയ്തിൻ കുട്ടി എന്ന കളിക്കാരനെക്കുറിച്ച് പറഞ്ഞ വാക്കുകൾ (എം.എം ജാഫർ ഖാന്റെ ‘പന്ത് പറഞ്ഞ മലപ്പുറം കിസ്സ ‘) ആ മികച്ച കളിക്കാരനെ ക്കുറിച്ചുള്ള നല്ല ഓർമ തന്നെ.

മലപ്പുറത്ത് ഒത്തിരി കാൽപന്ത് കളിക്കാർക്ക് പിറവി നൽകിയ മലപ്പുറം ഗവ.ഹൈസ്ക്കൂൾ ടീമിലൂടെയായിരുന്നു മൊയ്തീൻ കുട്ടി എന്ന ഫുട്ബാളറുടെ ജനനവും. സ്കൂൾ വിദ്യാർത്ഥിയായ മൊയ്തീൻ കുട്ടിയുടെ പന്തുമായുള്ള കൂട്ട് കണ്ട് അവന്റെ ഇളം കാലുകൾക്ക് മാന്ത്രികതയുണ്ടന്ന് കാരണവൻമാർ അന്നേ പറഞ്ഞിരുന്നു. അവരുടെ വാക്ക് പാഴ്വാക്കായില്ല. ആ സ്കൂൾ കുട്ടി പല പല ടീമുകളിലൂടെ പന്ത് തട്ടി ഇന്ത്യയാകെ അറിയപ്പെടുന്ന ഇന്റർനാഷനൽ മൊയ്തീൻ കുട്ടിയായി വളർന്നു.

ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിൽ പത്താംതരത്തിൽ പഠിക്കുമ്പോൾ മൊയ്തീൻ കുട്ടി കോഴിക്കോട് ‘സിറ്റി കമ്പാനി’യൻസിന് കളിക്കാൻ കരാറൊപ്പിട്ടു. ലീഗ് മത്സരങ്ങളിൽ പന്ത് തട്ടു മുമ്പേ കോഴിക്കോട് ജില്ലാ ലീമിലിടം നേടി. തുടർന്ന് ഇന്റർ ഡിസ്ട്രിക്ട് ടൂർണമെന്റ് കളിച്ച് നേരേ കേരള ടീമിലേക്ക്. സന്തോഷ് ട്രോഫിയിൽ പന്ത് തട്ടുമ്പോൾ മൊയ്തീൻ കുട്ടിയുടെ പ്രായം പതിനേഴ്.സന്തോഷ് ട്രോഫിയിൽ കളിച്ചതിന് പിറകെ ജൂനിയർ ഇന്ത്യാ ടീമംഗമായി. മൊയ്തീൻ കുട്ടിയുടെ കളിമിടുക്ക് കാരണം നായകനായാണ് ജൂനിയർ ഇന്ത്യ ടീമിലുൾപ്പെടുത്തിയത്.ജൂനിയർ ഇന്ത്യക്ക് പിറകെ സീനിയർ ഇന്ത്യൻ ടീമിലും മലപ്പുറത്തിന്റെ താരം സാന്നിധ്യമറിയിച്ചു.കോഴിക്കോട് സിറ്റി കമ്പാനിയൻസിന് പിറകെ കുണ്ടറ അലിൻഡ്, സതേൺ റെയിൽവേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ടീമുകൾക്കും ബൂട്ട് കെട്ടി. മലപ്പുറം ഫുട്ബാളിലെ ഈ ‘അത്ഭുതക്കുട്ടി ‘യെ വിലക്കു വാങ്ങാൻ കൊൽക്കത്തയിലെ വൻ ടീമുകൾ വമ്പൻ ഓഫറുകളുമായി സമീപിച്ചിരുന്നങ്കിലും അദ്ദേഹം സ്നേഹ പുരസരം ഓഫർ നിരസിക്കുകയായിരുന്നു.

കളിയിൽ നിന്നും വിരമിച്ച ശേഷം പരിശീലകനായാണ് മൊയ്തീൻ കുട്ടിയെ പിന്നീട് കണ്ടത്. ദീർഘകാലം മലപ്പുറം സോക്കർ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നു മലപ്പുറത്തുകാരുടെ പ്രിയ ചെറിയാപ്പു.രോഗ ശയ്യയിലാകും വരെ മലപ്പുറത്തിന്റെ പുതു തലമുറക്ക് കാൽപന്ത് കളിയുടെ ബാലപാഠം ചൊല്ലിക്കൊടുത്തു. പിൽകാലത്ത് മലപ്പുറത്തു നിന്നും ഉദിച്ചുയർന്ന മിക്ക മിടുക്കരായ കളിക്കാരുടെയും വളർച്ചക്കു പിറകിൽ മൊയ്തീൻ കുട്ടിയുടെ മാന്ത്രിക സ്പർശമുണ്ട്.

കളി കൊണ്ട് നേടിയ ജോലി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ ബ്രാഞ്ച്) യിൽ നിന്നും വിരമിച്ച ശേഷം നീണ്ട കാലം മലപ്പുറം ഓൾഡ് ഫുട്ബാൾ അസോസിയേഷന്റെ തലപ്പത്ത് സജീവമായുണ്ടായിരുന്നു. അതിനിടെയാണ് അസുഖബാധിതനാകുന്നത്.അറുപത്തിരണ്ടാം വയസ്സിൽ 2007 മാർച്ച് 14 നായിരുന്നു മലപ്പുറം കണ്ട ആ മികച്ച കളിക്കാരന്റെ വേർപാട്. മൊയ്തീൻ കുട്ടിയുടെ കുടുംബം. ഭാര്യമാർ: പട്ടർകടവൻ സൽമത്ത് (പരേത ), മണ്ടായ പുറത്ത് നസീറ.മക്കൾ: സാജൻ, സാഹിർ.

Sharing is caring!