ഇങ്ങനെയൊരു മടക്കം ആഗ്രഹിച്ചതല്ലെന്ന് അനസ് എടത്തൊടിക

മലപ്പുറം: അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നുള്ള മടക്കം ഇത്തരത്തിലാവുമെന്ന് കരുതിയതല്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍
ഡിഫന്‍ഡര്‍ അനസ് എടത്തൊടിക. ഏഷ്യന്‍ കപ്പോടെ വിരമിക്കണമെന്നത് നേരത്തെയെടുത്ത തീരുമാനമായിരുന്നെങ്കിലും
നിര്‍ണായക മത്സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരിക്കേറ്റ് മടങ്ങിയത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് അദ്ദേഹം
പറഞ്ഞു. തിങ്കളാഴ്ച പുറത്തിറങ്ങിയ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലാണ് അനസിന്റെ വെളിപ്പെടുത്തല്‍. പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും മാധ്യമം മലപ്പുറം ലേഖകനുമായ കെ.പി.എം റിയാസ് തയ്യാറാക്കിയ അനസിന്റെ ആത്മഭാഷണത്തില്‍ താരം അന്താരാഷ്ട്ര ഫുട്ബാളിലേക്ക് കടന്നുവന്ന വഴികളെക്കുറിച്ചും വിരമിക്കല്‍ തീരുമാനത്തെപ്പറ്റിയും സുദീര്‍ഘമായി സംസാരിക്കുന്നുണ്ട്.
അനസ് എടത്തൊടികയും ലേഖകന്‍ കെ.പി.എം റിയാസും
” 20 മത്സരം പോലും തികക്കാന്‍ ഭാഗ്യമില്ലാത്തവനാണ് ഞാന്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ എത്രയോ കളികളില്‍ ഇറങ്ങി ഒരു
സുപ്രഭാതത്തില്‍ ടീമില്‍ നിന്ന് പുറത്താവുകയും നമ്മുടെയൊന്നും ഓര്‍മകളില്‍ പോലും ബാക്കിയാവാതിരിക്കുകയും ചെയ്തവര്‍
എത്രയോ ഉണ്ട്. ഒരു പക്ഷെ എനിക്കും സംഭവിക്കാനിരിക്കുന്നത് അതായിരിക്കും. ഏഷ്യന്‍ കപ്പോടെ വിരമിക്കണമെന്നത്
നേരത്തെയെടുത്ത തീരുമാനമാണ്. ഏഷ്യന്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ടീം എത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. പല
സ്വപ്നങ്ങളും യാഥാര്‍ഥ്യമായ അനുഭവമുള്ളതിനാല്‍ ഇത്തവണയും പ്രതീക്ഷ വെച്ചു. എല്ലാം വെറുതെയായി. കണങ്കാലിനോ
കാല്‍മുട്ടിനോ ആയിരുന്നു പരിക്കെങ്കില്‍ ടാപ്പ് ചെയ്ത് കളിക്കാമായിരുന്നു. ഇത് പക്ഷെ തുടയിലെ മസിലിനായിപ്പോയി.
അവസാനത്തെ മത്സരമാണ് കഴിഞ്ഞതെന്ന സങ്കടംകൊണ്ട് കൂടിയാണ് കരഞ്ഞത്.”-അനസ് തുടരുന്നു.
ബഹ്‌റൈനെതിരായ അവസാന മത്സരത്തില്‍ പരിക്കേറ്റ അനസിന്റെ നിരാശയും സങ്കടവും
നൊമ്പരപ്പെടുത്തുന്ന കുടുംബ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. കൗമാരകാലത്ത് കുടുംബം പോറ്റാന്‍ ബസ് ക്ലീനറും ഓട്ടോ റിക്ഷാ ഡ്രൈവറുടെയും ജോലി ചെയ്തതും ക്രിക്കറ്റ് താരത്തില്‍ നിന്ന് വഴിതെറ്റി ഫുട്ബാളിലെത്തിയതും അനസ്
പങ്കുവെക്കുന്നു. അപ്രതീക്ഷിതമായി ഐ ലീഗിലേക്ക് വിളിവന്നതും വിവിധ ടീമുകളില്‍ കളിച്ചപ്പോഴുണ്ടായ അനുഭവങ്ങളും
ഐ.എസ്.എല്ലും രാജ്യാന്തര മത്സരങ്ങളുടെ വിശേഷങ്ങളും ആത്മഭാഷണത്തിലുണ്ട്.
തന്റെ സുഹൃത്തായ കെ.പി.എം റിയാസ് മാധ്യമം വീക്കിലിയില്‍ എഴുതിയ താനുമായുള്ള അഭിമുഖത്തെ കുറിച്ച് അനസ് എടത്തൊടികയും തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്.
അനസ് എടത്തൊടിക ഫേസ്ബുക്കിലിട്ട പോസ്റ്റ്