അനസിന്റെ വിരമിക്കല്‍ വിശ്വസിക്കാനാകാതെ മലപ്പുറത്തുകാര്‍

 

മലപ്പുറം: പാതിയില്‍ അഴിച്ച ബൂട്ടിനൊപ്പം അഴിച്ചെടുക്കാനാവില്ലല്ലോ അനസ് തന്ന ആരവങ്ങള്‍. ദേശീയ ടീമിന്റെ കുപ്പായത്തില്‍ ഹ്രസ്വകാലമെങ്കിലും വീരോചിതം പൊരുതി ഇടയ്ക്കുവച്ച് അനസ് എടത്തൊടിക കളിനിര്‍ത്തുമ്പോള്‍ അമ്പരപ്പോടെ മലപ്പുറം. രാജ്യത്തെ മികച്ച കളിക്കാരില്‍ ഒരാളും പ്രതിരോധ താരവുമായ അനസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ച വാര്‍ത്ത കളിയാരാധകര്‍ കേട്ടത് നടുക്കത്തോടെ.
എട്ടാം ക്ലാസില്‍ പഠിക്കവെ അനസിന്റെ പ്രതിഭ കണ്ടെത്തിയ പരിശീലകന്‍ സി ടി അജ്മല്‍ വേദന മറച്ചുവച്ചില്ല. ‘രണ്ട് ദിവസം മുമ്പും അനസ് വിളിച്ചിരുന്നു. പക്ഷേ, വിരമിക്കല്‍ തീരുമാനം സൂചിപ്പിച്ചില്ല. പരിക്കുകള്‍ അലട്ടിയിരുന്നു. അവന്റെ തീരുമാനങ്ങള്‍ ദൃഢമാണ്. പുനഃപരിശോധനക്കായി സമ്മര്‍ദം ഉണ്ടാകാതിരിക്കാനാകും ആരോടും പറയാതെ അവന്‍ വിരമിച്ചത്’- അജ്മല്‍ പറഞ്ഞു. അനസ് ഇന്ത്യന്‍ നായകനായി കളത്തിലിറങ്ങുന്ന നിമിഷം മലപ്പുറത്തെ ആരാധകരുടെ സ്വപ്‌നത്തില്‍ എന്നുമുണ്ടായിരുന്നു. പ്രതിഭയുടെ ധാരാളിത്തമായിരുന്നിട്ടും പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടിയത്. 17 മത്സരമേ രാജ്യത്തിനായി കളിച്ചുള്ളൂവെങ്കിലും മികവുറ്റ പ്രകടനമായിരുന്നു ഓരോന്നും. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അനസ് ഇറങ്ങിയിരുന്നു. എന്നാല്‍ കളിയുടെ തുടക്കത്തില്‍തന്നെ പരിക്കേറ്റതിനാല്‍ കളം വിടേണ്ടിവന്നു. നീണ്ടകാലത്തെ പരിക്കുകള്‍ക്ക് ശേഷം അടുത്തിടെയാണ് അനസിന് ഇന്ത്യന്‍ അരങ്ങേറ്റം സാധിച്ചത്. ഇന്ത്യന്‍ ക്യാമ്പിലെത്തിയ അഞ്ചുതവണയും അനസിനെ പരിക്ക് അലട്ടി. എന്നിട്ടും പ്രതിരോധത്തിലെ വിശ്വാസം ഉലയാതെ കാത്തു. വിരമിക്കാനുള്ള സമയമായെന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണെന്നുമാണ് അനസ് പറഞ്ഞത്. ഏറെക്കാലം സംസ്ഥാനത്തിന്റെ പുറത്തുകളിച്ചു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങിയത് മലയാളികള്‍ ആഘോഷമാക്കി.
കൊണ്ടോട്ടിയിലെ ചെറുമൈതാനങ്ങളില്‍ പന്ത് തട്ടിക്കളിച്ച് നടന്ന കൊച്ചുപയ്യന്‍ രാജ്യമറിയുന്ന അനസ് എടത്തൊടിക എന്ന ഫുട്ബോളറിലേക്കുയര്‍ന്നത് ജീവിത പ്രാരബ്ധങ്ങള്‍ ഏറെ താണ്ടിയാണ്. ഇഎംഇഎ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് ഫുട്ബോളില്‍ ശ്രദ്ധിച്ചുതുടങ്ങിയത്. മഞ്ചേരി എന്‍എസ്എസ് കോളേജിലെത്തിയതോടെ മികച്ച കളിക്കാരനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ആദ്യവര്‍ഷം തന്നെ കേരളത്തിന്റെ അണ്ടര്‍ 21 ടീമില്‍. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെത്തിയത് വഴിത്തിരിവായി. കോച്ചും മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ ഫിറോസ് ശെരീഫ് അനസിലെ ‘പ്രതിരോധ താരത്തെ’ കണ്ടെടുക്കുകയായിരുന്നു.
ഐ ലീഗിലെ മിന്നുന്ന പ്രകടനത്തിന് കഴിഞ്ഞ സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അവാര്‍ഡ് നേടി. മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ജെര്‍ണയില്‍സിങ് അവാര്‍ഡും ലഭിച്ചു. 2014ല്‍ മഹാരാഷ്ട്രയിലെ മികച്ച ഫുട്ബോളര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അയേണ്‍ മാന്‍ പുരസ്‌കാരവും ലഭിച്ചു. മലപ്പുറത്തുനിന്ന് യു ഷറഫലിക്കുശേഷം ഇന്ത്യന്‍ ടീമിലെത്തുന്നതും അനസ് തന്നെ. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ജേഴ്സിയും അണിഞ്ഞു.

Sharing is caring!