അമിത് ഷായ്ക്ക് കണ്ണൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ കരിപ്പൂരിനെ മറക്കുന്നു

കരിപ്പൂര്‍: ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടഡ് വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയ ജി ഡി സി എ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതില്‍ ഒളിച്ചു കളിക്കുന്നു. എല്ലാ അനുമതിയും ലഭ്യമാക്കിയെന്ന് പറയുമ്പോഴും വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിന്ന് എന്ന് പുനരാരംഭിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ആകെ ആശ്വാസം ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിച്ചത് മാത്രമാണ്.

ഔദ്യോഗിക ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ ഡി ജി സി എ അനുമതി നല്‍കിയിരുന്നു. ഇന്നാണ് അദ്ദേഹം കണ്ണൂരില്‍ വിമാനമിറങ്ങിയത്. എന്നാല്‍ മാസങ്ങളായി കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിന് ജനപ്രതിനിധികള്‍ പലവട്ടം ഡി ജി സി എയെ സമീപിച്ചെങ്കിലും ഇപ്പോഴും ഇക്കാര്യം യാഥാര്‍ഥ്യമായിട്ടില്ല.

കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ മേഖലയില്‍ നിലവില്‍ വരുന്നതോടെ കരിപ്പൂരിന്റെ ഭാവി എന്താകുമെന്ന ചോദ്യം ഇന്നത്തെ സംഭവത്തോടെ വീണ്ടും സജീവമാവുകയാണ്. വലിയ വിമാനങ്ങള്‍ സര്‍വീസ് നിറുത്തിയതോടെ സൗദി അറേബ്യയിലേക്ക് മലബാറില്‍ നിന്നുള്ള യാത്രയാണ് ഏറ്റവും ദുഷ്‌ക്കരമായത്.

Sharing is caring!