മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ റെസ്‌ക്യു ബോട്ട് സമര്‍പ്പിച്ചു

താനൂര്‍: ആര്‍ത്തിരപ്പ് വന്ന മലവെള്ളപാച്ചിലില്‍ മുതുക് ചവിട്ടുപടിയാക്കി നല്‍കി രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ താനൂരിലെ മത്സ്യതൊഴിലാളി ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ടും എന്‍ജിനും സമര്‍പ്പിച്ചു. താനൂര്‍ തൂവല്‍തീരത്ത് നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ ജൈസിലിനും താനൂര്‍ ട്രോമാകെയറിനുമായി ഫൈബര്‍ റെസ്‌ക്യു ബോട്ട് സമര്‍പ്പണം നടത്തിയത്. ജൈസലിന്റെയും താനൂര്‍ ട്രോമാകെയറിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. പ്രളയം നമ്മെ തകര്‍ക്കാന്‍ വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ സധൈര്യം മുന്നോട്ട് വന്നവരാണ് മത്സ്യ തൊഴിലാളികള്‍. പ്രളയത്തില്‍ നമ്മള്‍ മതവും ജാതിയും രാഷ്ടീയവും ഒന്നും നോക്കാതെയാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ നിന്നും നമുക്ക് വ്യക്തമാകുന്നത്ഏത് പ്രയാസ ഘട്ടങ്ങളെയും മാനവീകഐക്യങ്ങളിലൂടെ മറിക്കടക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

താനൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. താനൂര്‍ ട്രോമാകെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം മഹത്തരമാണ്. അവര്‍ക്ക് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ നല്‍കാന്‍ മുന്‍സിപ്പാലിറ്റി ശ്രമം നടത്തുമെന്ന് അവര്‍ പറഞ്ഞു. കാര്‍ണിവല്‍ പ്രതിനിധി ആര്‍. ഗോപികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. നിര്‍ധനവിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം കാര്‍ണിവല്‍ഗ്രൂുപ്പ് ഡയറക്റ്റര്‍ കെ.എസ്. ശശികുമാര്‍ നിര്‍വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ ഷെഹര്‍ബാന്‍, മലപ്പുറം ട്രോമാകെയര്‍ ജനറല്‍സെക്രട്ടറി കെ.പി. പ്രതീഷ്,താനൂര്‍ സിഐ എം.ഐ. ഷാജി, എസ്‌ഐ നവീന്‍,ഇ. ജയന്‍, ജൈസല്‍ എന്നിവര്‍ സംസാരിച്ചു. പീ.കെ. അബ്ദുള്ള സ്വാഗതവും എം.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ സഹകരണത്തോടെ നടന്ന ചടങ്ങില്‍ ട്രോമാകെയര്‍ യൂണിറ്റ് അംഗങ്ങളെയും പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യുഫോഴ്‌സ് , കെഎസ്ഇബി, റെവന്യു അധികൃതരെയും ചടങ്ങില്‍ ആദരിച്ചു.

Sharing is caring!