കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനെ ഞെക്കി കൊല്ലരുത്; മുസ്ലിം ലീഗ് എയര്‍ പോര്‍ട്ട് മാര്‍ച്ച് നാളെ

കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനെ ഞെക്കി കൊല്ലരുത്; മുസ്ലിം ലീഗ് എയര്‍ പോര്‍ട്ട് മാര്‍ച്ച് നാളെ

മലപ്പുറം: മലബാറിന്റെ വികസനത്തിന് ആകാശ വാതിലായി മാറിയ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കൊല്ലാന്‍ നടത്തുന്ന ശ്രമത്തിനെതിരെ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന എയര്‍ പോര്‍ട്ട് മാര്‍ച്ചും പ്രതിഷേധ സംഗമവും നാളെ നടക്കും. ഉച്ചക്ക് ശേഷം 3 മണിക്ക് ദേശീയ പാതയില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് തിരിയുന്ന കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. എയര്‍ പോര്‍ട്ടിനടുത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സമര പരമ്പര നടക്കുന്ന വേദിയില്‍ മാര്‍ച്ചിന് ശേഷം പ്രതിഷേധ സംഗമം നടക്കും. മുസ്ലിം ലീഗ് അഖിലേന്ത്യാ-സംസ്ഥാന നേതാക്കളും എം.പിമാരും, എം.എല്‍.എമാരും പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്യും.

2015 മെയ് മാസത്തിലാണ് അറ്റ കുറ്റ പണികള്‍ക്കും റണ്‍വെ ബലപ്പെടുത്തുന്നതിനുമായി കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ വിമാന സര്‍വ്വീസുകള്‍ക്ക് ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്രകാരം വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തി വെച്ചിട്ടും ഹജ്ജ് സര്‍വ്വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിട്ടും കഴിഞ്ഞ വര്‍ഷം കരിപ്പൂര്‍ വിമാന താവളം 92 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. 2017 മെയ് മാസത്തില്‍ റണ്‍വെയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. പക്ഷെ പറന്ന് പോയ വലിയ വിമാനങ്ങള്‍ തിരിച്ച് വന്നില്ല.

നെടുമ്പാശ്ശേരിയിലേക്ക് മാറ്റി സ്ഥാപിച്ച ഹജ്ജ് എംപാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുന:സ്ഥാപിച്ചില്ല. മാത്രവുമല്ല വിമാനങ്ങള്‍ തെന്നി മാറാനുള്ള അപകട സാധ്യത ചൂണ്ടിക്കാട്ടി വിമാന താവളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു മേല്‍ അപായ സൂചനയുടെ കാര്‍ മേഘം പരത്തി. വിമാന കമ്പനികളെ കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച് ഈ ആകാശ വാതില്‍ അടക്കാന്‍ ഉന്നത തലങ്ങളില്‍ നിന്ന് ഗൂഡമായ നീക്കവും നടന്നു.

കരിപ്പൂര്‍ വിമാന താവളത്തിന്റെ വിലയ വികസന സാധ്യതകളെ കുറിച്ച് കൃത്യമായ ബോധ്യമുള്ളവര്‍ അതിന് തടയിടാന്‍ കേന്ദ്രത്തിലെ ഭരണ മാറ്റത്തിന് ശേഷമുള്ള പുതിയ ഗവ: ന്റെ മൗനാനുവാദവും കൂടി ഉപയോഗപ്പെടുത്തി കരുക്കള്‍ നീക്കി. കേരളത്തെയും മലപ്പുറത്തെയും പ്രത്യേക കണ്ണോടെ നോക്കി കാണുന്ന കേന്ദ്ര ഭരണ കൂടം കരിപ്പൂര്‍ വിമാന താവളത്തിന്റെ ചിറകരിഞ്ഞ് കൊല്ലാന്‍ ഇത് തന്നെ നല്ല അവസരം എന്ന നിലയില്‍ മുന്നോട്ട് പോവുകയാണ്. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് മുസ്ലിം ലീഗ്.

നാളെ നടക്കുന്ന മാര്‍ച്ചും പ്രതിഷേധ സംഗമവും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പുന: പരിശോധിക്കുന്നതിന് വേണ്ടിയുള്ള അവസരമാക്കി മാറ്റാന്‍ മുഴുവന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും എല്ലാ പോഷക ഘടകങ്ങളുടെ പ്രവര്‍ത്തകരും ജനപ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജന : സെക്രട്ടറി അഡ്വ: യു.എ ലത്തീഫും ആഹ്വാനം ചെയ്തു.

Sharing is caring!