വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: സ്വകാര്യ സ്സുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ജില്ലാകലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.വിദ്യാര്‍ഥികളുടെ യാത്രാ പാസ് സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ബസ് ഉടമകളുടെയും വിദ്യാര്‍ഥികളുടേയും പ്രതിനിധികള്‍ അടങ്ങുന്ന യോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രാപാസ് ആയി ഉപയോഗിക്കാം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍.ടി.ഒ ഒപ്പുവെച്ച യാത്രാപാസ് വിതരണം ചെയ്യും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് മണി വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ യാത്രചെയ്യാന്‍ അനുവാദമുണ്ട്. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 7.30 ന് ക്ലാസ് തുടങ്ങുന്നതിനാല്‍ അവര്‍ക്ക് ആറ് മണി മുതല്‍ പാസ് അനുവദിക്കണം. 40 കിലോമീറ്റര്‍ വരെയാണ് സൗജന്യയാത്രക്ക് അവകാശമുള്ളത്. അവധിദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അവകാശമുണ്ട്.
യാത്രാപാസിന്റെ കാര്യത്തില്‍ തുറന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ബസ് ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ ബസ്സുടമകളും ജീവനക്കാരും സഹകരിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കെഎസ്ആര്‍ടിസി നല്‍കുന്ന പാസുകള്‍ ആയിരത്തില്‍ താഴെയാണെന്ന് ബസ്സുടമകളുടെ സംഘടനാപ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഇത് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പാസ് വിതരണത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.ഒ, എ.ഡി.എം, ഡി.ട്ടി.ഒ (കെഎസ്ആര്‍ടിസി) എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.
എ.ഡി.എം വി രാമചന്ദ്രന്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി മാണി, ഡി.ടി.ഒ രാധാകൃഷ്ണന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ എം.സി കുഞ്ഞിപ്പ, ശിവകരന്‍ മാസ്റ്റര്‍, പി..കെ മൂസ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ ഹംസ എരീക്കുന്നന്‍, മുഹമ്മദ് എന്ന നാണി ഹാജി, പക്കീസ കുഞ്ഞിപ്പ, കെ.എസ്.യു ജില്ലാ സെക്രട്ടറി സിയാദ് പേങ്ങാടന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാരിസ് ടി.പി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം

കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനം കാര്യക്ഷമമാണെന്നും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലെന്നും രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവറെ മൊബൈല്‍ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന ശീലം ഒഴിവാക്കണം. കുട്ടികളെ ഡ്രൈവറുടെ കൂടെ ഇരുത്തി ഓടിക്കുന്നത് കര്‍ശനമായി തടയണം. സ്വകാര്യ വാഹനങ്ങള്‍ യാതൊരുകാരണവശാലും കുട്ടികളുടെ യാത്രക്കായി തിരഞ്ഞെടുക്കരുത്. യാത്രക്കിടയില്‍ കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങള്‍ നേരിട്ടാല്‍ വിവരം പോലീസ്/മോട്ടോര്‍ വാഹനവകുപ്പ് അധികാരികളെയും സ്‌കൂള്‍ പ്രധാന അദ്ധ്യാപകനെയും അറിയിക്കണം. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ഒരുക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളും അദ്ധ്യാപകരും ഡ്രൈവര്‍മാരും മോട്ടോര്‍വാഹനവകുപ്പുമായി സഹകരിക്കണമെന്നും ആര്‍.ടി.ഒ. അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണം;
വീഴ്ചവരുത്തിയാല്‍ പ്രധാന അധ്യാപകര്‍ക്കെതിരെ നടപടി

സ്‌കൂള്‍ ബസ്സുകളിലും മറ്റു കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളിലും യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിയമാനുസൃതമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മോട്ടോര്‍വാഹനനിയമമനുസരിച്ചുള്ള മുന്‍കരുതലുകളും സ്വീകരിച്ചാണ് വിദ്യാര്‍ത്ഥികളുടെ യാത്രയെന്ന് പ്രധാനാദ്ധ്യാപകരും പി.ടി.എയും ഉറപ്പ് വരുത്തണമെന്ന് റീജിയണല്‍ ട്രാന്‍സപോര്‍ട്ട് ഓഫീസര്‍ കെ.സി. മാണി അറിയിച്ചു.
വീഴ്ച വരുത്തുന്ന സ്ഥാപന മേധാവിക്കെതിരെ വാഹന ഉടമ എന്ന നിലയില്‍ മോട്ടോര്‍വാഹനവകുപ്പ് പ്രകാരവും ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ആക്ട് പ്രകാരവും നടപടി സ്വീകരിക്കും. കുട്ടികളുടെ സുരക്ഷിതയാത്രക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഇതിന്റെ ഭാഗമായി ഓരോ സ്‌കൂളുകളിലും പി.ടി.എ പ്രതിനിധി അടങ്ങിയ കമ്മറ്റി രൂപീകരിക്കണം. യാത്രാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറായി അധ്യാപകനെ നിയോഗിക്കണം. ഓരോ കുട്ടികളുടെയും യാത്ര സംവിധാനം ഏതെല്ലാമാണെന്ന് തരംതിരിച്ച് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ കുട്ടിയുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടെന്ന് ഉറപ്പാക്കണം.
കുട്ടികളുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ സാധുവാണെന്നും വാഹനം കാര്യക്ഷമത പരിശോധന നടത്തിയതാണെന്നും പ്രധാനാധ്യാപകന്‍ ഉറപ്പു വരുത്തണം. സ്‌കൂള്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എന്നിവ അടങ്ങിയ സത്യവാങ്മൂലം പ്രധാന അദ്ധ്യാപകന്‍, നോഡല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് ജൂണ്‍ അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ആര്‍.ടി.ഒ., ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തി സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വമാണ്. വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും സഹായിക്കുന്നതിനായി എല്ലാ വാഹനങ്ങളിലും ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം. ഡോര്‍ തുറന്നുവെച്ച് സര്‍വീസ് നടത്താനോ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകാനോ പാടില്ല. വേഗപ്പൂട്ട് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. പെര്‍മിറ്റില്ലാത്ത സ്വകാര്യവാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം.
യാത്ര സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി സ്‌കൂള്‍ സമിതി പരിശോധിക്കുകയും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ക്കായി പോലീസ്/മോട്ടോര്‍വാഹനവകുപ്പ് അധികാരികള്‍ക്ക് കൈമാറുകയും വേണം.പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷൂറന്‍സ് എന്നിവയില്ലാത്തതും നികുതിയടക്കാത്തതും കാര്യക്ഷമതയില്ലാത്തതുമായ ഏതെങ്കിലും വാഹനങ്ങള്‍ സ്‌കൂള്‍ അധികൃതരോ, പിടി.എയോ മറ്റു കരാറുകാരോ കുട്ടികളുടെ യാത്രക്കായി ഉപയോഗിച്ചാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 വകുപ്പ് 51 (ബി) പ്രകാരം സ്ഥാപന അധികാരി ശിക്ഷാനടപടിക്ക് വിധേയമാകുന്നതാണ്.
വിദ്യാര്‍ഥികള്‍ക്ക് ബസിലെ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തടയരുതെന്ന് ജില്ലാ കലക്ടര്‍

Sharing is caring!