മലപ്പുറം പ്രസ്‌ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ മത തീവ്രവാദികള്‍ കയറിക്കൂടി: ബി.ജെ.പി ജില്ലാപ്രസിഡന്റ്

മലപ്പുറം പ്രസ്‌ക്ലബ്ബിലെ  മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ മത തീവ്രവാദികള്‍ കയറിക്കൂടി: ബി.ജെ.പി ജില്ലാപ്രസിഡന്റ്

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ മത തീവ്രവാദികള്‍ കയറിക്കൂടിയതായി ബി.ജെ.പി മലപ്പുറംജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍. ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്‌ക്ലബ്ബില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാധ്യമ അക്രമണം നടത്തിയ സംഭവത്തില്‍ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഈ പ്രസ്താവന.
എന്നാല്‍ ഇത് പ്രസ്‌ക്ലബ്ബാണെന്നും അറിയാതെയാണു അക്രമം നടത്തിയതെന്നാണു ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ പ്രസ്‌ക്ലബ്ബ് അല്ലെങ്കില്‍ ആര്‍.എസ്.എസുകാര്‍ക്ക് ഇത്തരം അക്രമം നടത്താന്‍ ലൈസന്‍സുണ്ടോയെന്നും ഇക്കാര്യത്തില്‍ കശനനടപടിവേണമെന്ന നിലപാടാണു പത്രപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നു മറ്റു മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും പിന്തുണ ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. കേസിലെ രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബി.ജെ.പി.യെ ഇല്ലാതാക്കാന്‍ സി.പി.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തില്‍ യു.ഡി.എഫിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തലക്ക്ക്ക് പ്രതിപക്ഷ നേതാവായി ഇരിക്കാന്‍ യോഗ്യതയില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആലത്തിയൂരില്‍ നിന്നും താനൂരിലേക്ക് നടത്തിയ മുന്നേറ്റ യാത്രക്കിടെ തിരൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പട്ടികജാതിക്കാരും ആദിവാസികളും യാതനകള്‍ അനുഭവിക്കുമ്പോള്‍ ജനപക്ഷത്തുനിന്ന് പ്രതികരിക്കാന്‍ കേരളത്തില്‍ എന്‍.ഡി.എ.മാത്രമേയുള്ളുവെന്നും കേരളത്തില്‍ പ്രതിപക്ഷത്തിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നത് എന്‍.ഡി.എ ആണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെ ബാലറ്റിലൂടെ ആദ്യം തെരഞ്ഞെടുത്തത് 1957 ലാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ ഈ പാര്‍ട്ടിയെ ബാലറ്റിലൂടെ പുറത്താക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സ് സി.പി.എം സഖ്യമുള്ള ചെങ്ങന്നൂരില്‍ നിന്നും ഈ പ്രക്രിയക്ക് തുടക്കമാവുമെന്നും കേരളത്തില്‍ എന്‍.ഡി.എ.സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്‌സാപ്പ് ഹര്‍ത്താലില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളോടെ രാജ്യം മുഴുവന്‍ മലപ്പുറത്തേക്ക് ഉറ്റുനോക്കുകയാണ്. എല്ലാ മതക്കാര്‍ക്കും സമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയണം. എന്നാല്‍ മതത്തെക്കുറിച്ച് വാചാലമായി മതേതരത്വം പറയുന്നവര്‍ മതങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ അടിവേരുകിടക്കുന്നത് ഇവരിലാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും കുമ്മനം പറഞ്ഞു. തന്റെ യാത്ര ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. ഒന്നിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു .കേരള കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് സി.എം.കെ ബാദുഷ തങ്ങള്‍, ആലിഹാജി, അഡ്വ.അഷറഫ്,ചന്ദ്രന്‍, പി.രഘുനാഥ്, എം.കെ.ദേവീദാസ്, കെ.പി.പ്രദീപ് പ്രസംഗിച്ചു.

Sharing is caring!