ജമ്മുവില്‍ ആസിഫയെ പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള പ്രതിഷേധം ഹിന്ദു സമുദായത്തിനെതിരെ ആകാതിരിക്കാന്‍ സൂക്ഷിക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനുമുണ്ടെന്ന് നജീബ് കാന്തപുരം

ജമ്മുവില്‍ ആസിഫയെ  പീഡിപ്പിച്ചവര്‍ക്കെതിരെയുള്ള പ്രതിഷേധം ഹിന്ദു സമുദായത്തിനെതിരെ   ആകാതിരിക്കാന്‍ സൂക്ഷിക്കേണ്ട  ബാധ്യത ഓരോ മുസ്ലിമിനുമുണ്ടെന്ന് നജീബ് കാന്തപുരം

മലപ്പുറം: ജമ്മുവില്‍ കുഞ്ഞു ആസിഫയെ കൊത്തിവലിച്ചുകൊലപ്പെടുത്തിയവര്‍ക്കെതിരെയുള്ള പ്രതിഷേധം ഹിന്ദു സമുദായത്തിനെതിരെ ആവരുതെന്നു മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. പ്രതിഷേധം ഹിന്ദു സമുദായത്തിനെതിരെ ആകാതിരിക്കാന്‍ സൂക്ഷിക്കേണ്ട ബാധ്യത ഓരോ മുസ്ലിമിനുമുണ്ടെന്നും നജീബ് കാന്തപുരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു, ഇതിനുള്ള കാരണങ്ങളും അക്കമിട്ടു നിരത്തുന്നുണ്ട്.

ഫേസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കുഞ്ഞു ആസിഫയെ കൊത്തിവലിച്ചവരെ
നിയമത്തിനു മുന്നില്‍
കൊണ്ടു വന്ന അസി:കമ്മീഷണര്‍
രമേശ് കുമാര്‍ ജല്ല
ഹിന്ദുവാണ്.
ബാര്‍ അസോസിയേഷന്‍
വിലക്കിയിട്ടും ആസിഫക്ക്
വേണ്ടി നിയമ പോരാട്ടത്തിനിറങ്ങിയ
ദീപിക റജാവത്ത് ഹിന്ദുവാണ്.
നരേന്ദ്രമോഡിയും
അമിത് ഷായും ചുട്ടുകൊന്ന ഗുജറാത്തിലെ
മുസ്ലിംകള്‍ക്ക് നിയമ പരിരക്ഷ നല്‍കാന്‍ ജീവഭയമില്ലാതെ
പോരാട്ടത്തിനിറങ്ങിയ ആര്‍.ബി ശ്രീകുമാര്‍
ഹിന്ദുവാണ്.
സാക്ഷിക്കൂട്ടില്‍ കയറാന്‍ ഭയന്ന ബെസ്റ്റ് ബേക്കറി കേസിലെ ഇരകളെ
കോടതിയിലെത്തിക്കാന്‍
ധീരത കാട്ടിയ
ടീസ്റ്റ സെതല്‍ വാദ്
ഹിന്ദുവാണ്.
ബാബരി മസ്ജിദ്
സംഘി തീവ്രവാദികള്‍
തകര്‍ത്തെറിഞ്ഞപ്പോള്‍
ആയിരം നാവോടെ
തിരുത്ത് എന്ന കഥയെഴുതിയ
എന്‍.എസ് മാധവന്‍
ഹിന്ദുവാണ്.
പെഹ്ലു ഖാനും
മുഹമ്മദ് അഖ്‌ലാഖിനും
ജുനൈദിനും ജാഫ്രിക്കും
വേണ്ടി ആദ്യം ശബ്ദിച്ചവര്‍
ഹിന്ദുക്കളാണ്.
തൊപ്പി ധരിച്ചവരെയുംതാടി വളര്‍ത്തിയവരെയും
തീവ്രവാദ ചാപ്പ കുത്തുന്ന പൊതുബോധം എത്ര അപഹാസ്യമാണോ അതേ പോലെ തന്നെ അപഹാസ്യമാണ് കുറി തൊട്ടവരെയും രാഖി കെട്ടിയവരെയും സംഘികളാക്കുന്ന ശ്രമങ്ങളും . ശത്രുവിനെ കൃത്യതയോടെ ഐഡന്റിഫൈ ചെയ്യുകയും ഒറ്റപ്പെടുത്തുകയുമാണ് യാഥാര്‍ത്ഥ പോരാട്ടം.
വംശ വെറിയും ഉന്മൂലന സിദ്ധാന്തവുമായി ആര്‍.എസ്.എസ് മുസ്ലിംകള്‍ക്കെതിരെ പാഞ്ഞടുക്കുമ്പോഴും
സംരക്ഷണമൊരുക്കുന്ന
ഹിന്ദുക്കള്‍ ഒരിക്കലും
മുസ്ലിംകളുടെ ശത്രുക്കളല്ല.
പകരം ഹിന്ദുമതത്തെയും
അതിന്റെ ദേവാലയത്തെയും
നിരന്തരം അപമാനിക്കുന്ന
ആര്‍.എസ്.എസ് മാത്രമാണ് നമ്മുടെ പൊതുശത്രു.
അവര്‍ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പൊതു ശത്രുവാണ്. അവരോട് നാം യുദ്ധം പ്രഖ്യാപിക്കുക..
അവരുടെ അടിത്തൂണ്‍ പറ്റുകാരോടും..
കുഞ്ഞു ആസിഫക്ക് വേണ്ടിയുള്ള നിലവിളി
ഹിന്ദു സമുദായത്തിനെതിരെ ആവാതെ സൂക്ഷിക്കേണ്ട
ബാധ്യത ഓരോ മുസ്ലിമിനുമുണ്ട്.
ആ ജാഗ്രത നാം സ്വയം ഏറ്റെടുക്കുക..
ശത്രുവിനെയും മിത്രത്തെയും നാം
തിരിച്ചറിയുക.!

Sharing is caring!