ദേശീയപാതാ സര്‍വെ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി

ദേശീയപാതാ സര്‍വെ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട്  ലീഗ് നേതാക്കള്‍ കലക്ടര്‍ക്ക്  നിവേദനം നല്‍കി

മലപ്പുറം: ദേശീയ പാത വികസനത്തിനായി ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആശങ്കകളും പ്രതിഷേധവും നിലനില്‍ക്കുന്ന സഹാചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആശങ്ക അകറ്റി അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നത് വരെ ദേശീയപാത വികസനത്തിനുള്ള സര്‍വ്വെയും കല്ലിടല്‍ പ്രവര്‍ത്തിയും നിര്‍ത്തിവെക്കാന്‍ നടപടികളുണ്ടാവണമെന്ന് നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ ഉള്ളതിനാല്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് സര്‍വ്വെ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാതെ സര്‍വ്വെ നടക്കുന്നതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായിവരുന്നത്. ഇതര ജില്ലകളില്‍ 3എ നോട്ടിഫിക്കേഷന്‍ നടപടികള്‍ക്ക് കാത്തിരിക്കുമ്പോള്‍ മലപ്പുറത്തെ ധൃതി പിടിച്ചുള്ള നടപടികള്‍ ജനങ്ങള്‍ സംഷയമുണ്ടാക്കുന്നുണ്ട്. 3എ നോട്ടിഫിക്കേഷന്‍ കഴിഞ്ഞ് പരാതി നല്‍കാനും കേള്‍ക്കാനുമുള്ള അവസരം പോലും നിഷേധിക്കുകയാണ്. നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തുന്നവിധം അലൈമെന്റ് വരുന്നില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കിട്ടുന്ന നഷ്ടപരിഹാരമെന്തൊക്കെയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആസ്തി നഷ്ടപ്പെടുന്നവരെ വിളിച്ച് ചേര്‍ത്ത് നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്തിയതിന്റെ ശേഷം മാത്രമെ സര്‍വ്വെ നടപടികള്‍ ആരംഭിക്കൂ എന്ന് എം.എല്‍.എ മാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ നടപടിയായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഭൂമി നഷ്ടപ്പെടുന്നവര്‍ വികസനത്തിന് എതിരല്ല. എന്നാല്‍ സര്‍ക്കാരും അധികാരികളും അവരോട് ശത്രുക്കളെപോലെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ വീട് നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരികയാണ്. ഇക്കാര്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ആരാധനാലയങ്ങള്‍ പോലും പൊളിച്ചുമാറ്റേണ്ടവിധത്തിലാണ് നിലവിലുള്ള അലൈമെന്റ്. ഇക്കാര്യവും പുനഃപരിശോധിക്കണം. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിന് ആവശ്യമായ പ്രതിഫല തുക നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വേഗത്തിലാക്കി ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏറ്റെടുക്കേണ്ട ഭൂമി അടയാളപ്പെടുത്തിലായും ജനങ്ങളുടെ ആക്ഷേപങ്ങളും ആശങ്കളും പരിഹരിച്ച ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് പ്രവേശിക്കുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനായി സര്‍വ്വ കക്ഷിയോഗം വിളിക്കും. നഷ്ട പരിഹാരം കൈമാറിയ ശേഷം മാത്രമെ വികസന പദ്ധതികള്‍ നടപ്പിലാക്കുവെന്നും ജില്ലാ കലക്ടര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എം.എ ഖാദര്‍, സലീം കുരുവമ്പലം, ഉറല്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, ഇസ്മാഈല്‍ മൂത്തേടം, കെ.എം ഗഫൂര്‍, ബക്കര്‍ ചെര്‍ണൂര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Sharing is caring!