ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തു: കുഞ്ഞാലിക്കുട്ടി

ബി.ജെ.പി  കുതിരക്കച്ചവടത്തിലൂടെ  തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ച്  ഭരണം പിടിച്ചെടുത്തു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യത്ത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ വര്‍ഗീയ രാഷ്ട്രീയം അപകടകരമാം വിധം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കുപ്രചാരണങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും തെരഞ്ഞെടുപ്പു രംഗത്ത് അവര്‍ ശ്കതി പ്രാപിച്ചിരിക്കുകയാണെന്നും ഇന്ന് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മേഘാലയില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വീണ്ടും വന്നെങ്കിലും മുമ്പ് ഗോവയിലും മണിപ്പൂരിലും ചെയ്തതു പോലെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തിരിക്കുകയാണ്.

ജനാധിപത്യമൂല്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത് ഇത്തരം നടപടികള്‍ പിന്തുടരുന്ന ഈ സര്‍ക്കാരിനു കീഴില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദളിതുകളും, മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷ വീഭാഗങ്ങളും, കര്‍ഷകരുള്‍പ്പെടെയുള്ള സമൂഹത്തിന്റെ താഴേക്കിടയിലുള്ള ആളുകളുമാണ.് ആര്‍.എസ്.എസ്-ബിജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് തന്നെ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനെ തള്ളിപ്പറഞ്ഞതും പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന തൊഴിലാളി സംഘടനകളുടെ നിര്‍ണായക യോഗം അവര്‍ ബഹിഷ്‌കരിച്ചതുമെല്ലാം ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ പക്ഷത്തല്ല എന്ന് അവരുടെ കൂട്ടത്തിലുള്ളവര്‍ തന്നെ പറഞ്ഞു തുടങ്ങി എന്നതിന് തെളിവാണ്. പി.എന്‍.ബി സ്‌കാം ഉള്‍പ്പെടെയൂള്ള കാര്യങ്ങള്‍ തെളിയിക്കുന്നത് ഈ സര്‍ക്കാര്‍ ഒരു കൂട്ടം ശിങ്കിടി വ്യവസായികളെ വളര്‍ത്തുകയും അവരുടെ അഴിമതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പിന്തുടരുന്നതെന്നാണ്.

ഈ അവസരത്തില്‍ ദേശീയ രാഷ്ട്രീയ രംഗത്ത് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരില്‍ ശക്തമായ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് വരുന്നുണ്ട്. ത്രിപുരയിലെ ഇരുപത്തി അഞ്ച് വര്‍ഷത്തെ ഭരണം നഷ്ടപ്പെട്ട് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നതോടു കൂടി അത്തരമൊരു വിശാല ഐക്യത്തോട് വിമുഖത കാണിച്ചു കൊണ്ടിരുന്ന ഇടതു പാര്‍ട്ടികളും ഒരു പാഠം പഠിച്ചിട്ടുണ്ട്. ഇനി അവരും മാറിച്ചിന്തിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ ദേശീയതലത്തില്‍ പുതിയ രാ്ഷ്ട്രീയ സമവാക്യങ്ങള്‍ക്കനുസരിച്ച് ഒരു മതേതര കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സക്രിയമായി പ്രവര്‍ത്തിക്കാന്‍ ഒരു മതേതര പാര്‍ട്ടിയെന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിജ്ഞാബദ്ധമാണ്. ലീഗ് ഈ രംഗത്ത് കോണ്‍ഗ്്രസിന്റെ നേതൃത്വത്തില്‍ മറ്റു ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ആക്കം കൂട്ടുന്നതായിരിക്കും.യു.പി.എ കാലത്ത് ഘടകം കക്ഷികളുമായുള്ള ചര്‍ച്ചകളില്‍ ലീഗ് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. പ്രത്യേകിച്ച് 2ജി കേസിന്റെ സമയത്ത് തമിഴ് നാട്ടിലെ ഡി.എം.കെയുമായുള്ള അസ്വാരസ്യങ്ങളുടെ സമയത്തെല്ലാം തമിഴ് നാട്ടില്‍ ഡിഎംകെയുടെ സംഖ്യ കക്ഷി കൂടിയായ ലീഗ് അന്നത്തെ ഉഭയ ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. അന്നത്തെ ലീഗിന്റെ നിലപാട് ശരിയായിരുന്നു എന്ന് പിന്നീട് 2ജി കേസിലെ സുപ്രീംകോടതി വിധിയിലൂടെ കാലം തെളിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസം, ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും ഉപതിരഞ്ഞെടുപ്പില്‍ സഹകരിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് ഇത്തരത്തില്‍ മതേതര പാര്‍ട്ടികളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതാണ്. കഴിഞ്ഞ ദിവസം, തെലങ്കാനാ മുഖ്യമന്ത്രിയും തലങ്കാനാ രാഷ്ട്രസമിതി നേതാവുമായ കെ.സി. ചന്ദ്ര ശഖര്‍ റാവു ഒരു മൂന്നാം മുന്നണിക്ക് രൂപം കൊടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിച്ചതും ത്രിണമൂല്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള മറ്റു പ്രമുഖ കക്ഷികള്‍ അതിനോട് പിന്തുണ അറിയിച്ചതും ആ അര്‍ഥത്തില്‍ വലിയ പ്രാധാന്യമുള്ള സംഗതിയാണ്. ഇത്തരം ചര്‍ച്ചകളില്‍, പക്ഷെ, രാജ്യത്തെ ഏറ്റവും പ്രബലമായ പ്രതിപക്ഷ കക്ഷി ആയ കോണ്‍ഗ്രസിന്റെ നിലപാട് കൂടി പരിഗണിച്ചായിരിക്കും ലീഗ് നയം രൂപീകരിക്കുക. വൈകാതെ തന്നെ പ്രതിപക്ഷ കക്ഷികളെല്ലാം കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ ഒരുമിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പുതിയ നേതൃത്വ ത്തില്‍ കോണ്‍ഗ്രിനുണ്ടായിട്ടുള്ള പുത്തനുണര്‍വ് ഏറെ ശ്രദ്ധേയമാണ്. ഗുജറാത്തില്‍ ബിജെപി യോട് ബലാബലം നിന്ന പ്രകടനവും രാജസ്ഥാനിലെ യും മധ്യപ്രദേശിലെയും മിന്നുന്ന ജയവും ഏറ്റവുമൊടുവില്‍ മേഘാലയയില്‍ ഏറ്റവും വലിയ കക്ഷിയായി വീണ്ടും തിരഞ്ഞെടുക്കപ്പെതുമെല്ലാം പാര്‍ട്ടിക്കകത്തും പുറത്തും ആണ് ഉണര്‍വ് ദൃശ്യ മാണെന്നതിന് തെളിവാണ്. കര്‍ണാടക ഉള്‍പ്പെടെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും അത് പ്രകടമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!