അന്‍വര്‍ എം.എല്‍.എക്കെതിരെ ആറുമാസംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം

അന്‍വര്‍ എം.എല്‍.എക്കെതിരെ ആറുമാസംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം

മലപ്പുറം: മൂന്നു തെരഞ്ഞെടുപ്പുകളില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിന് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ജനപ്രാതിനിത്യ നിയമം ലംഘിച്ചതിന് കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് ആറുമാസംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ മാജി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജനപ്രാതിനിത്യ നിയമം 125 എ വകുപ്പ് പ്രകാരം പരാതിക്കാരന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നിലമ്പൂരില്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എയായി വിജയിച്ച പി.വി അന്‍വര്‍ മൂന്നു തെരഞ്ഞെടുപ്പുകളില്‍ രണ്ടാം ഭാര്യയുടെ പേരും സ്വത്തുവിവരങ്ങളുമടക്കം മറച്ചുവെച്ച് തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതായി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയത്. പരാതിയില്‍ ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുകയായിരുന്നു.
പി.വി അന്‍വര്‍ 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016ല്‍ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു. മൂന്നു തെരഞ്ഞെടുപ്പുകളിലും രണ്ടാം ഭാര്യയായ പി.വി ഹഫ്‌സത്തിന്റെ പേരും സ്വത്തുവിവരങ്ങളും മറച്ചുവെച്ചു. കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ചെന്ന് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് പി.വി ഹഫ്‌സത്ത് തന്റെ ഭാര്യയും വാട്ടര്‍തീം പാര്‍ക്കിന്റെ പാര്‍ടണറുമാണെന്ന് അന്‍വര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 11 ഏക്കര്‍ വരുന്ന കക്കാടംപൊയിലിലെ പീവീആര്‍ നാച്വറോ പാര്‍ക്കിന്റെ 60 ശതമാനം ഷെയര്‍ മാനേജിങ് പാര്‍ടണറായ അന്‍വറിന്റെയും 40 ശതമാനം രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെയും പേരിലാണ്. എന്നാല്‍ ഇക്കാര്യം അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെക്കുകയായിരുന്നു. ഭൂനിയമം ലംഘിച്ച് 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായി അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. വ്യക്തിക്കും കുടുംബത്തിനും 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ. അന്‍വറിന്റെ പേരിലുണ്ടായിരുന്ന നാലു കമ്പനികളില്‍ ഒരു കമ്പനിയായ പീവീസ് റിയല്‍റ്റേഴ്‌സിന്റെ വിവരം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. അന്‍വറിന്റെ പീവീസ് റിയല്‍റ്റേഴ്‌സ്, ഗ്രീന്‍സ് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ രണ്ടു കമ്പനികളെ കേന്ദ്ര കമ്പനികാര്യവകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തുകയും ഡയറക്ടര്‍ സ്ഥാനത്തുനിന്നും അന്‍വറിനെ അയോഗ്യനാക്കിയ വിവരവും മറച്ചുവെച്ചിരുന്നു.
.

Sharing is caring!