വാസുദേവന് തിരിച്ചടിയായത് പ്രവര്‍ത്തകരുടെ വിമര്‍ശനം

വാസുദേവന്  തിരിച്ചടിയായത്  പ്രവര്‍ത്തകരുടെ വിമര്‍ശനം

പെരിന്തല്‍മണ്ണ: സി.പി.എം ജില്ലാസെക്രട്ടറിയായിരുന്ന പി.പി വാസുദേവനു ഒരു തവണ കൂടി സെക്രട്ടറിയാക്കാനായിരുന്നു പാര്‍ട്ടിയുടെ ആദ്യ തീരുമാനമെങ്കിലും പിന്നീട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ നടത്തിയ വിമര്‍ശനമാണു വാസുദേവനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുവാനും ഇ.എന്‍ മോഹന്‍ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കാനും കാരണമായത്.
കഴിഞ്ഞ രണ്ടു തവണ സെക്രട്ടറിയായ വാസുദേവന്‍ ചില സമയങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും അവധിയെടുത്ത സമയങ്ങളില്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത് ഇ.എന്‍ മോഹന്‍ദാസിനായിരുന്നു. അതോടൊപ്പം മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളുടെ ചുമതലയും പാര്‍ട്ടി ഏല്‍പിച്ചത് ഇ.എന്‍ മോഹന്‍ദാസിനെ തെന്നെയായിരുന്നു. പിണറായിയും കോടിയേരിയുമായും അടുത്ത ബന്ധം പുലര്‍ത്തിയതും ഇ.എന്‍ മോഹന്‍ദാസിന് അനുകൂലമായി.

പി.പി വാസുദേവന് പാര്‍ട്ടി സമ്മേളനത്തില്‍ തിരിച്ചടിയുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ടായി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷം പാര്‍ട്ടി നിശ്ചയിച്ച രാഷ്ട്രീയ സംഘടനാ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ ജില്ലാ നേതൃത്വം വേണ്ട വിധത്തില്‍ ഉയര്‍ന്നില്ലെന്ന വിമര്‍ശനം പ്രതിനിധികളുയര്‍ത്തി. ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ചയുണ്ടായതായും സ്വാധീനം കുറഞ്ഞ മേഖലകളില്‍ പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താന്‍ ശ്രദ്ധയുണ്ടായില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്മേല്‍ മൂന്നര മണിക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആറ് മണിക്കൂര്‍ പൊതുചര്‍ച്ചയും നടന്നു. 16 ഡെലിഗേഷനുകളെ പ്രതിനിധീകരിച്ച് 45 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയവും സംഘടനാപരവുമായ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പര്യാപ്തമായ രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസം നല്‍കുന്നതില്‍ പോരായ്മകളുള്ളതായി പ്രതിനിധികള്‍ വ്യക്തമാക്കി. പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കുറേക്കൂടി കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയര്‍ന്നു.

കേന്ദ്ര സംസ്ഥാന കമ്മിറ്റികള്‍ ആഹ്വാനം ചെയ്യുന്ന സമര സംഘടന പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍, പട്ടികജാതി- ആദിവാസി, മതന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായി മാറിയിട്ടുള്ള മതതീവ്രവാദം, മാഫിയ, ഭീഷണി എന്നിവക്കെതിരെ ഫലപ്രദമായ പ്രതിരോധം ജില്ലാ നേതൃത്വം ഉയര്‍ത്തണം. ശക്തമായ പ്രചരണത്തിന് മുഖ്യപരിഗണന നല്‍കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തീരദേശ മേഖലകളില്‍ ക്രിമിനലുകളും തീവ്രവാദ സംഘടനകളും പാര്‍ട്ടിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ആക്രമണങ്ങള്‍ക്ക് എതിരെയും വിപുലമായ ആശയ രാഷ്ട്രീയ പ്രചാരവേല സംഘടിപ്പിക്കണമെന്ന ആവശ്യവും പ്രതിനിധികള്‍ ഉന്നയിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ സംഘടനാ വിഷയങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.പി.വാസുദേവനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു.

Sharing is caring!