മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

മുജാഹിദ്  സമ്മേളനത്തിന്  ഉജ്ജ്വല സമാപനം

തിരുരങ്ങാടി : കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഐതിഹാസിക സമാപനം. നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് പരിസമാപ്തിയായത്. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് ആഹ്വാനമാണ് സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.

മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.

പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.

സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം

തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്

തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.

തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.

പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.

Sharing is caring!