മകളെ ബലാൽസം​ഗം ചെയ്തെന്ന കേസിൽ പിതാവിനെ 123 വർഷം തടവിന് ശിക്ഷിച്ച് മഞ്ചേരി കോടതി

മകളെ ബലാൽസം​ഗം ചെയ്തെന്ന കേസിൽ പിതാവിനെ 123 വർഷം തടവിന് ശിക്ഷിച്ച് മഞ്ചേരി കോടതി

മഞ്ചേരി : പതിമൂന്നുകാരിയെ പലതവണ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ പിതാവിനെ മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2021 നവംബര്‍ മാസം മുതല്‍ 2022 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ബാലികയെ പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് എടവണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പ്, പോക്‌സോ ആക്ട് അഞ്ച് (എല്‍), അഞ്ച് (എന്‍), ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ആദ്യ മൂന്നു വകുപ്പുകളിലും 40 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ജെ ജെ ആക്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും മൂന്നു മാസം വീതം തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം പിഴ സംഖ്യ മുഴുവനും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.

പ്രതി അതിജീവിതയുടെ പിതാവാണെന്നതിനാല്‍ കേസ് അട്ടിമറിക്കാനും പരാതിക്കാരിയെ സ്വാധീനിക്കാനും ഇടയുണ്ടെന്നുമെന്നതിനാല്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചു തന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളിതു വരെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവ് നല്‍കാനും കോടതി വിധിച്ചു.

ആരാധനാലയങ്ങളുടെ സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സമദാനി ലോക്സഭയിൽ

എടവണ്ണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍മജീദ് ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

Sharing is caring!