ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ 40,000 സിമ്മുകളുമായി മലപ്പുറം പോലീസ് പിടികൂടി

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ 40,000 സിമ്മുകളുമായി മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലെ മുഖ്യ കണ്ണികളിൽ ഒരാളെ പിടികൂടി മലപ്പുറം പോലീസ്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് തട്ടിപ്പിന് ആവശ്യമായ സിം കാർഡുകൾ എടുത്ത് നൽകിയ അബ്ദുൾ റോഷനെ (46) മലപ്പുറം സൈബർ ക്രൈം പോലീസ് പിടികൂടുന്നത്.

ഓൺലൈൻ വ്യാജ ഷെയർമാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ പേരിലേക്ക് എത്തിച്ചേരാൻ ഈ അറസ്റ്റ് സഹായിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ പറഞ്ഞു. വിവിധ മൊബൈൽ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു. യഥാർഥ സിം കാർഡ് ഉടമയായ യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ നാപ്പതിനായിരത്തിൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത് സമയം ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് കാണുകയും, ലിങ്ക് ക്ലിക്ക് ചെയ്ത് സമയം ഷെയർമാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകുകയും അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് ആയതിന്റെ ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസിന് ആസ്പദം. വേങ്ങര പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് 214/2024 U/s 420 IPC , 66 (D) of IT Act വകുപ്പുകൾ പ്രകാരം അന്വേഷണം തുടങ്ങി. പിന്നീട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിന് പ്രത്യേക സൈബർ ക്രൈം സ്ക്വാഡിനെ നിയോഗിച്ച് അന്വേഷണം ദ്രുത ഗതിയിലാക്കി.

തുടർന്ന് നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതിൽ, കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു.

പരിശോധന നടത്തിയ സമയം വൻ തോതിൽ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തതിൽ, ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം Bio metric പ്രസ്സ് ചെയ്പ്പിക്കുന്നതാണ് പതിവ്. അത്തരത്തിൽ ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രുപ കൊടുത്തു വാങ്ങുന്നതാണ് പതിവ്, ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പി ഒ എസ് ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കുകയാണ് ചെയ്ത് വരുന്ന രീതി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ സിം കാർഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഇ കൊമ്മേഴ്സ് പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് ഒ ടി പി കൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ മറ്റു പ്രതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡൽ ഓഫിസറായ ഡി സി ആർ ബി ഡി വൈ എസ് പി ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.

 

Sharing is caring!