ജില്ലയിൽ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ആറാം മരണം, ജാ​ഗ്രതാ നിർദേശം

ജില്ലയിൽ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ആറാം മരണം, ജാ​ഗ്രതാ നിർദേശം

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഇന്ന് രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം.

മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് ഏപ്രില്‍ 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് അവിടെനിന്നും രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ ഇരിക്കവേ അണുബാധ ഉണ്ടാകുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.

മലപ്പുറം ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി. മാർച്ച് മാസത്തിൽ ഒരു മരണവും ഏപ്രിൽ മാസത്തിൽ നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല് ,കുഴിമണ്ണ ,ഒമാനൂർ , പൂക്കോട്ടൂർ ,മൊറയൂർ ,പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ്.

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ 40,000 സിമ്മുകളുമായി മലപ്പുറം പോലീസ് പിടികൂടി

എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്:

വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛർദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടേണ്ടതാണ്. അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.

പ്രതിരോധ മാർഗങ്ങൾ:

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കൈകൾ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റിൽ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Sharing is caring!