വിവാദ പ്രസം​ഗം; സത്താർ പന്തല്ലൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിവാദ പ്രസം​ഗം; സത്താർ പന്തല്ലൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം: എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൈവെട്ട് ആഹ്വാനവുമായി ബന്ധപ്പെട്ട് അഷ്‌റഫ് കളത്തിങ്ങല്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഐപിസി 153 പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തത്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗമാണ് വിവാദമായത്. സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന്റെ പ്രചാരണമായി നടന്ന മുഖദ്ദസ് യാത്രയുടെ മലപ്പുറത്ത് നടന്ന സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാകുമെന്നായിരുന്നു സത്താറിന്റെ മുന്നറിയിപ്പ്. പരാമര്‍ശം ഏറെ വിവാദമായതിനു പിന്നാലെ സത്താറിനെ സമസ്ത നേതൃത്വം തള്ളിയിരുന്നു. തീവ്രവാദ പ്രയോഗങ്ങളോ ശൈലിയോ സമസ്തയോ കീഴ്ഘടകങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സമസ്ത നേതാവ് മൊയ്തീന്‍ ഫൈസി പറഞ്ഞു.

പൊന്നാനിയിൽ ലഹരി വിൽപന ചോദ്യം ചെയ്ത യുവാവിന് മർദനം; പോലീസ് കേസെടുത്തു

പരാമര്‍ശം രാജ്യത്തിന്റെ ഭരണഘടനയേയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നും ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ ആരോപിച്ചു. മുസ്ലിം ലീ​ഗിനെ സമസ്തയ്ക്ക് ഉള്ളിൽ നിന്നും വിമർശിക്കുന്നവരിൽ പ്രധാനിയാണ് സത്താർ പന്തല്ലൂർ.

Sharing is caring!