ലീഗിന് ആശയത്തേക്കാള്‍ പ്രിയം ആമാശയത്തോട്; കെ.ടി ജലീല്‍

ലീഗിന് ആശയത്തേക്കാള്‍  പ്രിയം ആമാശയത്തോട്; കെ.ടി ജലീല്‍

മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച കോണ്‍ഗ്രസ് നിലപാടിനോട് മുസ്ലിം ലീഗ് നടത്തിയ പ്രതികരണത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍. ലീഗിന്റെ ഉന്നതാധികാര സമിതികള്‍ ചേര്‍ന്നാലും ഇല്ലെങ്കിലും കടലുണ്ടിപ്പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോകും. യുക്തമായ തീരുമാനം തക്കസമയത്ത് എടുക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തി എന്ന പതിവ് പ്രസ്താവനയല്ലാതെ ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതും തെറ്റിച്ച് ഒരു തുണ്ടുകടലാസില്‍ രണ്ടുവരിയെഴുതി ലീഗ് അവരുടെ ഇമ്മിണി വലിയ പ്രതിഷേധം കോണ്‍ഗ്രസ്സിനെ അറിയിച്ചു. ലീഗിന് ആശയത്തേക്കാള്‍ പ്രിയം ആമാശയത്തോടാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പാവം പിടിക്കോഴികള്‍ക്ക് വംശനാശം സംഭവിച്ചാല്‍ ലീഗ് യോഗങ്ങളുടെ ഗതി എന്താകുമെന്നും ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കെ.ടി ജലീല്‍.

ലേഖനത്തില്‍ നിന്ന്

കേരളത്തില്‍ മുസ്ലിംലീഗ് യുഡിഎഫ് മുന്നണിയില്‍നിന്ന് പുറത്തുപോന്നത് ശിലാന്യാസപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ്. ആ എതിര്‍പ്പിന് ആഴ്ചകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അധികാരം തലയ്ക്ക് പിടിച്ച ലീഗ് നേതൃത്വം ഞൊടിയിടയില്‍ എല്ലാം മറന്നു. ആരേക്കാളുമധികം ലീഗിനെ ‘മനസ്സിലാക്കിയ’ കെ കരുണാകരന് ‘ചെള്ളി’ തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് അറിയാമായിരുന്നു.

കേരളത്തില്‍ ലീഗിന്റെ പ്രതിഷേധത്തി’ന്റെ ആഴവും വ്യാപ്തിയും ശരിക്കുമറിഞ്ഞ കോണ്‍ഗ്രസ്, നരസിംഹറാവുവിന്റെ കാലത്ത് പള്ളി പൊളിക്കുന്നതിന് സര്‍വ സൗകര്യങ്ങളും ചെയ്തുകൊടുത്തു. പള്ളി പൊളിച്ചതിനെ മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം നടന്ന രണ്ടാമത്തെ മഹാപാതകമെന്നാണ് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ വിശേഷിപ്പിച്ചത്. പല ദേശീയപത്രങ്ങളും 1992 ഡിസംബര്‍ ഏഴിന് പുറത്തിറങ്ങിയത് മഹാദുരന്തത്തില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് വാക്കുകളില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ്. കോടിക്കണക്കിനു വരുന്ന ഹൈന്ദവ സഹോദരങ്ങളും ലക്ഷക്കണക്കിനു വരുന്ന മറ്റ് മതസ്ഥരും, ബാബ്റി മസ്ജിദ് ഇടിച്ചുതകര്‍ത്തത് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തീരാകളങ്കമാണെന്ന് ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യചരിത്രംപോലും ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് മുമ്പും പിമ്പും എന്ന നിലയില്‍ പകുക്കപ്പെട്ടു. വര്‍ഗീയകലാപങ്ങളാലും ബോംബ് സ്‌ഫോടനപരമ്പരകളാലും പാര്‍ലമെന്റാക്രമണത്താലും രാജ്യം ഒടുങ്ങാത്ത ദുരന്തങ്ങളുടെ ദുരിതഭൂമിയായി മാറി.

പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്

അയോധ്യവിഷയത്തില്‍ പാര്‍ട്ടി ഇപ്പോള്‍ ദീര്‍ഘമായ പ്രസ്താവന നടത്തുന്നില്ല. ഇപ്പോള്‍ രണ്ടുവരിയില്‍ ഒതുക്കുകയാണ്. സമയമെടുത്തുള്ള ചര്‍ച്ചകളും വിശദീകരണങ്ങളുമൊക്കെ ഇതിനുശേഷം ഉണ്ടാകേണ്ടതുണ്ട്. ലീഗ് നേതൃയോഗത്തിന്റെ നിലപാട് ഇതാണ്. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. പ്രസ്താവന തീര്‍ത്തും അസ്ഥാനത്താണ്. ഇത്രമാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പ്രിയങ്കയുടെ പ്രസ്താവന എന്തുകാരണത്താലാണ് അസ്ഥാനത്തെന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ബാബറി കേസ് വിഷയത്തില്‍ നേരത്തേ ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. നേരത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വന്നത് പ്രിയങ്കയുടെ പ്രസ്താവന മാത്രമാണ്. അതില്‍ മാത്രമേ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതുള്ളൂവെന്നാണ് തീരുമാനം. ഈ ഘട്ടത്തില്‍ വേറെന്തെങ്കിലും പരാമര്‍ശം നടത്തി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുമില്ല.

Sharing is caring!