മലപ്പുറത്ത് രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി

മലപ്പുറത്ത് രാജ്യാന്തര  ചലച്ചിത്രോത്സവം തുടങ്ങി

മലപ്പുറം: മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന രശ്മി എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മലപ്പുറം ആനന്ദ് തിയ്യേറ്ററില്‍ തുടക്കമായി. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ബാബു ആദ്ധ്യക്ഷ്യം വഹിച്ചു. കെ ശ്യാമയുടെ ഒ എന്‍ വി കവിതാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് ഡോ എസ് ഗോപു കെ ആര്‍ മോഹനനേയും, ഡോ എസ് സഞ്ജയ് ഡോ വി സി ഹാരിസിനേയും, എ ശ്രീധരന്‍ കാപ്പില്‍ വിജയനേയും അനുസ്മരിച്ചു. മലപ്പുറം ജില്ലയ്ക്കുവേണ്ടി പി ഉബൈദുള്ള എം എല്‍ എ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാട അണിയിച്ചു. അടൂരിന് മലപ്പുറം പൗരാവലിയുടെ ആദരഫലകം നഗരസഭാദ്ധ്യക്ഷ സി എച്ച് ജമീല സമ്മാനിച്ചു. ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം സംവിധായകന്‍ സഞ്ജു സുരേന്ദ്രനും ചലച്ചിത്രോത്സവപ്പതിപ്പ് പ്രകാശനം ചലച്ചിത്രനിരൂപകന്‍ എ മീരാസാഹിബും നിര്‍വഹിച്ചു. ഫേബിയന്‍ ബുക്‌സിന്റെ ഡോ എസ് സഞ്ജയും, ഡോ എസ് ഗോപുവും ചേര്‍ന്നു രചിച്ച ‘കാഴ്ച്ചയുടെ പ്രതിമുഖങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം അടൂര്‍ നിര്‍വഹിച്ചു. നഗരസഭാംഗങ്ങളായ ഹാരിസ് ആമിയന്‍, കെ വി വത്സലകുമാരി, ഡി ടി പി സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, നൗഷാദ് മണ്ണിശ്ശേരി, പാലോളി കുഞ്ഞിമുഹമ്മദ്, പാലോളി അബ്ദുറഹിമാന്‍, കവി ജി കെ രാംമോഹന്‍, അനില്‍ കെ കുറുപ്പന്‍ പ്രസംഗിച്ചു. ഉദ്ഘാടന ചിത്രമായി സഞ്ജു സുരേന്ദ്രന്റെ ഏദന്‍:കാമനകളുടെ ഉദ്യാനം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.ഇന്ന് രാവിലെ 9. 30 ന് നാലുപെണ്ണുങ്ങള്‍, 11.30ന് ലൗലെസ്സ്, 2 ന് അന,മോണ്‍ അമോര്‍, 5.30 ന് നെരൂദ, 7.30 ന് 120 ബിപിഎം ബീറ്റ്‌സ് പെര്‍ മിനുട്ട് എന്നിവ പ്രദര്‍ശിപ്പിക്കും. വൈകീട്ട് 4.30ന് സ്ത്രീയും സിനിമയും എന്ന വിഷയത്തെ അധികരിച്ച് ഓപ്പണ്‍ ഫോറവുമുണ്ടാകും.

അനേകം ജീവിതങ്ങള്‍
ജീവിച്ച അനുഭവമാണ്
സിനിമ പ്രദാനം ചെയ്യുന്നത്: അടൂര്‍

അനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് സിനിമ പ്രദാനം ചെയ്യുന്നതെന്നും ആ അനുഭവം ജനങ്ങളെ സംസ്‌കാരസമ്പന്നരാക്കുന്നുവെന്നും ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാനസികോല്ലാസമുണ്ടാക്കല്‍ മാത്രമല്ല, ലോകത്തെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ലോകസിനിമകളിലൂടെ സാധിക്കും. എല്ലാത്തിനുമുപരിയായി നമ്മെത്തെന്നെ മനസ്സിലാക്കാനും ഇതുപകരിക്കും. -അടൂര്‍ പറഞ്ഞു. മറ്റു കലാസാഹിത്യപ്രവര്‍ത്തനങ്ങളെപ്പോലെ സിനിമാപ്രവര്‍ത്തനവും ഒരു സാംസ്‌കാരികപ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!