മലപ്പുറത്തെ സ്കൂളുകളിൽ പുത്തൻ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കാൻ ഐ.ഐ.ടി മദ്രാസ്

മലപ്പുറത്തെ സ്കൂളുകളിൽ പുത്തൻ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കാൻ ഐ.ഐ.ടി മദ്രാസ്

മലപ്പുറം: ഒരു സ്കൂളിലെ വിദ്യാർഥികൾ സാങ്കേതിക പഠനത്തോടൊപ്പം 3ഡി പ്രിൻ്റിംഗും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (എഐ) ഉപയോഗിച്ച് അനുഭവപരിചയം നേടുന്നതിനെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ. ഇതൊരു ഭാവി സ്വപ്നമല്ല, മലപ്പുറം ജില്ലയിലെ മൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഇത്തരമൊരു നൂതന സംരംഭത്തിന് മുൻകൈ എടുക്കുകയാണ് ഐഐടി മദ്രാസ്. ഐഐടിയുടെ ഇത്തരത്തിലുളൊരു പദ്ധതി കേരളത്തിൽ ഇത് ആദ്യമാണ്. ഭാരതത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസവും ഗവേഷണവുമായി മുന്നേറുന്ന ഐ.ഐ.ടി. മദ്രാസും 50-ാം വാർഷികം ആഘോഷിക്കുന്ന ബ്രിഡ്ജ്വേ ഗ്രൂപ്പും ചേർന്ന്, നിലബൂരിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ, ബഡ്സ് സ്കൂൾ- നിലമ്പൂർ, പീവീസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

“ഞങ്ങളുടെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ ഭാവി തലമുറയ്ക്ക് ചില വിലപ്പെട്ട സംഭാവനകൾ നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു, ഇത്തരമൊരു ചിന്തയാണ് ഐഐടിയുമായുള്ള സഹകരണത്തിൽ എത്തിചേർന്നത് “. ബ്രിഡ്ജ്വേ ഗ്രൂപ്പ് സിഇഒ ശ്രീ ജാബിർ അബ്ദുൾ വഹാബ് പറഞ്ഞു. “ഈ സംരംഭം വിദ്യാർത്ഥികൾ സാങ്കേതികവിദ്യയുമായി ഇടപഴകുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കുകയും അടുത്ത തലമുറയിലെ എഞ്ചിനീയർമാരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി മദ്രാസിലെ വിദഗ്ധരുടെ മെൻ്റർഷിപ്പും അത്യാധുനിക സൗകര്യങ്ങളും ഈ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാഭ്യാസം ഉയർത്താൻ സഹായകരമാകും. 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിരിക്കും ഈ കോഴ്സ് ഉപകാരപ്രദമാകുക. അഞ്ച് വർഷം നീളുന്ന ഈ പരിശീലന പദ്ധതി സാങ്കേതിക വിദ്യാഭ്യാസത്തിലെ തുടക്കക്കാരിൽ നിന്ന് ജൂനിയർ എഞ്ചിനീയർ എന്ന നിലവാരത്തിലേക്ക് ഉയരാൻ പ്രാപ്തമാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ പാഠ്യപദ്ധതി കുട്ടികളുടെ പ്രായോഗിക കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 3D പ്രിൻ്റിംഗിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുറിച്ചുള്ള അറിവുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന്, ജാബിർ അബ്ദുൾ വഹാബ് കൂട്ടിച്ചേർത്തു.
ഇത് കേവലം തിയറിയുടെ കാര്യത്തിൽ മാത്രമല്ല; വിദ്യാർത്ഥികൾ ഈ സാങ്കേതികവിദ്യകളുമായി നേരിട്ട് പ്രവർത്തിച്ചുകൊണ്ട് അവരുടെ കഴിവിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നേടുകയും ചെയ്യും. അവർ പ്ലസ് ടു ക്ലാസിൽ എത്തുമ്പോഴേക്കും, ഐഐടികളിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള വിപുലമായ വിദ്യാഭ്യാസ അവസരങ്ങൾക്കായി അവർ തയ്യാറാകുകയും ചെയ്യും.

കുട്ടികൾ പാതി വഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന സാഹചര്യം സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്ന തുകൊണ്ട് തന്നെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗവൺമെൻ്റ് ട്രൈബൽ സ്കൂളിൽ ഈ പദ്ധതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം പ്രാക്ടിക്കൽ സ്കില്ലുകളും സാങ്കേതിക പരിജ്ഞാനവും പരിചയപ്പെടുത്തുന്നതിലൂടെ, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും കൂടുതൽ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നവരുടെ നിരക്ക് കുറയ്ക്കുന്നതിലും തുടർച്ചയായ പഠന സംസ്കാരം വളർത്തുന്നതിലും ഇത് പ്രധാന പങ്കുവഹിച്ചേക്കാം.

നാലുവര്‍ഷ ബിരുദം: കോളജ് പ്രിന്‍സിപ്പല്‍മാരുമായി സംവദിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി

നിലമ്പൂരിലെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ പരിശീലന പരിപാടി വലിയ രീതിയിൽ ഗുണം ചെയ്യും. മാനസിക-ശാരീരിക കഴിവുകൾ വർദ്ധിപ്പിക്കുകയും പ്രായോഗിക അറിവുകൾ നൽകുകയും ചെയ്യുന്ന ഈ പരിശീലന പദ്ധതി, വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്ക് അനന്തമായ അവസരങ്ങൾ ഒരുക്കും.

ജൻ ശിക്ഷൺ സൻസ്ഥാൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്രാസ് ഐ ഐ ടി യിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട് എം ഒ യു ഒപ്പ് വെച്ചു . ഐ ഐ ടി മദ്രാസ് കോർപ്പറേറ്റ് റിലേഷൻ വകുപ്പ് ഡീൻ പ്രൊഫ: മഹേഷ് പഞ്ചാഗുല, ഡിവൈസ് എഞ്ചിനീയറിംഗ് ലാബ് മേധാവി ഡോ: പീജുഷ് ഘോഷ് , ഐ ഐ ടി സി എസ് ആർ സി ഇ ഒ കെവിൻ രാജ് നായർ, ബ്രിഡ്ജ് വേ സി ഇ ഒ ജാബിർ അബ്ദുൽ വഹാബ് , ജെ എസ് എസ് ഡയറക്ടർ വി ഉമ്മർ കോയ, പീവീസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീദേവി മേനോൻ എന്നിവർ സംബന്ധിച്ചു. ഈ അധ്യയന വർഷംക്ലാസുകൾ ആരംഭിക്കും

Sharing is caring!