പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പോലീസ്

പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പോലീസ്

പൊന്നാനി: ഭാര്യയുടെ പരാതിയിൽ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പുലിവാല് പിടിച്ച് പൊന്നാനി പോലീസ്. ഐഷാബി എന്ന യുവതിയുടെ പരാതിയിലാണ് തിരൂർ കുടുംബ കോടതിയുടെ നിർദേശ പ്രകാരം പ്രതിയെ പിടികൂടാൻ പോലീസെത്തിയത്. എന്നാൽ വാറന്റിൽ നൽകിയ മേൽവിലാസത്തിന് സമാനമായ മേൽവിലാസവും പേരുമുള്ള ആളെയാണ് പോലീസ് പിടികൂടിയത്.

ചിലവിന് നൽകാതിരുന്ന ഭർത്താവിനെതിരെ ഐഷീബി കുടുംബകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പൊന്നാനി പോലീസ് പിടികൂടിയത് വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കർ എന്ന 32 കാരനെയാണ്. വടക്കേപ്പുറത്ത് അബൂബക്കറിന് പകരമാണ് ആളുമാറി മറ്റൊരു അബൂബക്കറിനെ പോലീസ് തിരൂരിലെ കുടുംബ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നാണ് ആലുങ്ങൽ അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ അബൂബക്കറിന്റെ ഭാര്യയും സമാനമായ ഒരു പരാതി ഉയർത്തിയിരുന്നു. അതിനാൽ ഇദ്ദേഹം കരുതിയത് പോലീസ് ആ കേസിലെ നടപടിക്കാണ് വിളിക്കുന്നതെന്നായിരുന്നു.

പോലീസ് സ്റ്റേഷനിലും, കോടതിയിലും അബൂബക്കർ ആളു മാറിപ്പോയതാകാൻ സാധ്യതയുള്ളത് ചൂണ്ടി കാണിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കോടതി ഇയാൾക്ക് 4 ലക്ഷം രൂപ പിഴയിടുകയും തടവിനും വിധിച്ചു തവനൂർ സെട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അബൂബക്കറിന്റെ ബന്ധുക്കൾ സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആളു മാറിയത് പോലീസിന് മനസിലായത്. തുടർന്ന് അബൂബക്കറിനെ ജയിൽ മോചിതനാക്കി.

വാറന്റിൽ നൽകിയ മേൽവിലാസവും ഇയാളുടെ മേൽവിലാസവും മാറി പോയെന്നാണ് പോലീസിന്റെ വിശദീകരണം. രണ്ടും തമ്മിലുള്ള സാമ്യമാണ് പ്രശ്നമായത്. ഒപ്പം വാറന്റിൽ പരാതിക്കാരിയെ സംബന്ധിച്ച വിവരങ്ങളും ഇല്ലായിരുന്നു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ കടത്ത് നാലു സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

Sharing is caring!