ഓഫീസുകളിലെ ഉപയോഗത്തിന് പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

ഓഫീസുകളിലെ ഉപയോഗത്തിന് പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുമായി പൊന്മള ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍. രണ്ടായിരം പേനകളാണ് ഓഫീസുകളിലെ ഉപയോഗത്തിനായി ബഡ്സ് സ്കൂളിലെ 40 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ആയിരം പേനകള്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി.

കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് വിവിധ പച്ചക്കറികളുടെ വിത്ത് കൂടി വച്ചാണ് നിര്‍മാണം. മഷി തീര്‍ന്നതിന് ശേഷം വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. 15 ദിവസം സമയമെടുത്താണ് ഇത്രയും പേനകള്‍ നിര്‍മിച്ചത്. അടുത്ത മാസം ആദ്യത്തോടെ ശേഷിക്കുന്ന പേനകള്‍ കൂടി നിര്‍മിച്ച് കൈമാറും. പത്തു രൂപയാണ് ഒരു പേനയുടെ വില. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ പേപ്പര്‍ പേനകള്‍ക്ക് ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും പേപ്പര്‍ പേനകള്‍ക്കായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്നും ബഡ്സ് സ്കളിലെ ജീവനക്കാരും രക്ഷിതാക്കളും പറയുന്നു.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. കളക്ടര്‍ വി.എം ആര്യ, തദ്ദേശ വകുപ്പ് അസി. ഡയറക്ടര്‍ പി.ബി ഷാജു, പൊന്മള ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് ജസീന മജീദ്, സ്ഥിരംസമിതി അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഇന്ദിര, ബഡ്സ് സ്കൂള്‍ ജീവനക്കാരിയായ ശോഭന, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരപ്പനങ്ങാടിയിൽ തോക്ക് ചൂണ്ടിയ ക്വട്ടേഷൻ ടീമിനെ പൊക്കി നാട്ടുകാർ

Sharing is caring!