കൃഷിയിടത്തിൽ പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നിലമ്പൂരിൽ വയോധികൻ മരിച്ചു

കൃഷിയിടത്തിൽ പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നിലമ്പൂരിൽ വയോധികൻ മരിച്ചു

എടക്കര: മൂത്തേടം പെരുപാറ വെട്ടിലങ്ങാടിയിൽ റബർ കൃഷിയിടത്തിൽ പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ മരിച്ചു. ചീനിക്കുന്ന സ്വദേശി മുണ്ടമ്പ്ര ഷൗക്കത്തലിയാണ് മരിച്ചത്. 65 വയസായിരുന്നു.

ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. പെരുപാറ വെട്ടിലങ്ങായിലെ പൊതുശ്മശാനത്തിന് സമീപത്തെ അടുക്കത്ത് കുഞ്ഞാപ്പ എന്നയാളുടെ ഉടമസ്ഥതിയിലുള്ള റബർ മരം മുറിച്ച ഭൂമിയിലെ മരാവശിഷ്ടങ്ങൾക്ക് കത്തിച്ച് നശിപ്പിക്കുകയായിരുന്നു. കുറച്ച് ഭാഗം കത്തിയതോടെ തീ നിയന്ത്രണാധിതീമാവുകയും സമീപത്തെ അടുക്കത്ത് പോക്കർ ഹാജിയുടെ ഉടമസ്ഥയിലുള്ള റബർ തൈകളുള്ള ഭൂമിയിലേക്ക് പടരുകയായിരുന്നു.

കർണാടക സ്വദേശികളായ രാമു, രഗസ്വാമി എന്നിവരാണ് തീ കത്തിച്ചിരുന്നത്. മറ്റൊരു കൃഷിയിടത്തിൽ നനച്ചു കൊണ്ടിരുന്ന റബർ കൃഷിയുടെ നോട്ടക്കാരൻ കൂടിയായ ഷൗക്കത്തലി തീ കത്തിയതറഞ്ഞ് അണക്കാനായി എത്തുകയായിരുന്നു. അപ്പോഴെക്കും പോക്കർ ഹാജിയുടെ ഒരു ഹെക്ടറോളം സ്ഥലത്ത് തീ പടർന്നിരുന്നു.

തീ അണക്കുന്നതിനിടയിൽ കാൽ തെറ്റി തീയിലേക്ക് വീഴുകയും ആ സമയമുണ്ടായിരുന്ന കാറ്റിനാൽ തീ ആളികത്തുകയും ചെയ്തു. ഇതോടെ പുക ശ്വസിച്ച് ബോധരഹിതനായ ഷൗക്കത്തലി തീയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.

ഒപ്പമുണ്ടായിരുന്നവർ ഷൗക്കത്തലിയെ തീയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മാത്രമല്ല അടുക്കത്ത് നജീബ് ഉൾപടെയുള്ള തീ അണക്കാനെത്തിയ ആളുകൾക്ക് പൊളളലേൽക്കുകയും ചെയ്തു. കൂടുതൽ ആളുകളെത്തി തീ അണച്ചപ്പോഴേക്കും ഷൗക്കത്തലി മരണപ്പെട്ടിരുന്നു. തുടർന്ന് എടക്കര പൊലീസ് സ്ഥലത്തെത്തി രണ്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും വൈകിട്ടോടെ മൃതദേഹം കബറടക്കുകയും ചെയ്തു. കദീജയാണ് ഷൗക്കത്തലിയുടെ ഭാര്യ. റഫീഖ്, സാലിഹ, സാഹിന, സജ്‌ന, സാഫിഖ് എന്നിവർ മക്കളും, സാജിദ, നാസർ, സൈഫുദ്ദീൻ, ജാഫർ എന്നിവർ മരുമക്കളുമാണ്.

എടക്കരയിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

Sharing is caring!