ജില്ലയിലെ ബാങ്കുകളില്‍ 53109 കോടി രൂപയുടെ നിക്ഷേപം, പ്രവാസി നിക്ഷേപത്തിലും വർധന

ജില്ലയിലെ ബാങ്കുകളില്‍ 53109 കോടി രൂപയുടെ നിക്ഷേപം, പ്രവാസി നിക്ഷേപത്തിലും വർധന

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഡിസംബര്‍ പാദം) 53,109 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനെക്കാള്‍ നേരിയ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 52144.70 കോടി രൂപയായിരുന്നു.

പ്രവാസി നിക്ഷേപത്തിലും ഈ പാദത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 13235 കോടി രൂപയാണ് ഇത്തവണത്തെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തില്‍ ജില്ലയിലെ പ്രവാസി നിക്ഷേപം 13221.23 കോടി രൂപയായിരുന്നു. ജില്ലയിലെ മൊത്തം വായ്പകള്‍ 36064 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 747 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.91 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 67.73 ശതമാനമായിരുന്നു. കേരള ഗ്രാമീണ്‍ ബാങ്ക് (77.33%), കാനറാ ബാങ്ക് (74.74%), എസ്.ബി.ഐ (44.22%), ഫെഡറല്‍ ബാങ്ക് (31.99%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (41.5%) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ എല്ലാ ബാങ്കുകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 82 ശതമാനമാണ്. 18800 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി 10861 കോടി രൂപയുടെ വായ്പകളാണ് ഈ കാലയളവില്‍ നല്‍കിയത്. ഇതില്‍ 7215 കോടി രൂപയുടെ വായ്പ മുന്‍ഗണനാ മേഖലയിലാണ് നല്‍കിയത്. മറ്റു വിഭാഗങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം 5244 കോടി രൂപയുടെ വായ്പകള്‍ നല്‍കാനായി. ഈ മേഖലയിലെ നേട്ടം 94 ശതമാനമാണ്.

മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളുമായി സംയോജിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന കെ.സി.സി – എ.എച്ച്.ഡി.എഫ് ( കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്- അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഫിഷറീസ് ) ക്യാമ്പുകളില്‍ അതാതു പഞ്ചായത്തുകളിലെ ബാങ്കുകള്‍ പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്റെ പി.എം.എഫ്.എം.ഇ, പി.എം.ഇ.ജി.പി, പി.എം സ്വാനിധി പദ്ധതികളുമായി ബന്ധപ്പെട്ട ലോണുകള്‍ റിജക്ട് ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉപഭോക്താവിനെ അറിയിക്കണം. അതിദരിദ്രരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എ.ബി.സി.ഡി ക്യാമ്പുകളില്‍ അതത് പ്രദേശത്തുള്ള ബാങ്കുകള്‍ പങ്കെടുക്കുകയും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയും വേണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ധനസഹായ പദ്ധതികളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണം. റവന്യു റിക്കവറിക്കായി നല്‍കുന്ന അപേക്ഷകളില്‍ പാര്‍ട്ട് പേയ്മെന്റ് നടത്തുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ അതാതു താലൂക്ക് ഓഫീസുകളില്‍ ഇക്കാര്യം അറിയിക്കുകയും കളക്‍ഷന്‍ ചാര്‍ജ് കൃത്യമായി അടവാക്കുകയും ചെയ്യണമെന്നും ബാങ്കുകളോട് യോഗത്തില്‍ ആവശ്യപ്പെട്ടു.

കരടിയുടെ ആക്രമണത്തിൽ നിലമ്പൂരിലെ ആദിവാസി യുവാവിന് പരുക്ക്

മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും വ്യവസായ മേഖലയുടെ വികസനത്തിലുമെല്ലാം ബാങ്കുകളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) വന്‍ വ്യവസായങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ബാങ്കുകള്‍ താല്‍പര്യമെടുക്കണം. രാജ്യത്തെ സംരംഭങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുന്നതില്‍ ബാങ്കുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024-25 വർഷത്തെ വാര്‍ഷിക ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.

യോഗത്തില്‍ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ എം. മുത്തുകുമാര്‍, നബാര്‍ഡ് ജില്ലാ ഡെവലപ്പ്മെന്റ് മാനേജര്‍ എ. മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം ശ്രീവിദ്യ, ജില്ലാ ലീ‍ഡ് ബാങ്ക് മാനേജര്‍ എം.എ ടിറ്റന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!