വൈറൽ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ രണ്ടു മരണം, 152 പേർക്ക് രോഗബാധ
നിലമ്പൂർ: ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അടുത്തിടെ രണ്ടുപേർ മരണപ്പെടുകയുമുണ്ടായി. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണപ്പെട്ടത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
പ്രദേശത്ത് വ്യാപകമായ രീതിയിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണറുകൾ മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം ശുചിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകരും, ആശാവർക്കർമാരും വീടുകൾ കയറി ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചരണവും നടത്തുന്നുണ്ട്.
എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്:
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് . പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.
വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക :
ചൂട് കൂടിയതിനാൽ തണുത്ത പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് സാധ്യത കൂടുതലാണ്. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് വെള്ളം തിളപ്പിക്കണം
തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്.
മലമൂത്ര വിസർജനം കക്കൂസുകളിൽ മാത്രമാക്കുക. കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസുകളിൽ മാത്രം നിക്ഷേപിക്കുക
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന അമ്മ താനൂരിൽ അറസ്റ്റിൽ
ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
രോഗലക്ഷണങ്ങൾ കണ്ടാൽ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
ലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരിക്കുക.
പോത്തുകല്ല് പഞ്ചായത്ത് പ്രസിഡണ്ട് വിദ്യ രാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക എന്നിവരുടെ നേതൃത്വത്തിൽ പോത്തുകല്ലിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ഇതര വകുപ്പുകളുടെയും പ്രത്യേക യോഗം ചേർന്ന് തുടർ പരിപാടികൾ ആസൂത്രണം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാജി ജോൺ, ആരോഗ്യ കമ്മിറ്റി ചെയർമാൻ റുബീന, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ഷു ബിൻ സി , ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി എൻ, ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ്‌കുമാർ സി കെ എന്നിവർ പങ്കെടുത്തു.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകൾ ക്ലോറിനേഷൻ ചെയ്ത് തുടങ്ങി. രോഗ ബാധ നിയന്ത്രണ വിധേയമാകുന്നത് വരെ പ്രദേശത്തെ ഹോട്ടലുകളും കൂൾ ബാറുകളും തുറന്ന് പ്രവർത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യം വരുന്ന പക്ഷം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു
ജില്ലയുടെ മറ്റു ഭാഗങ്ങളിലും ജലജന്യ രോഗങ്ങൾ കൂടി വരുന്നുണ്ട്. വ്രതാനുഷ്ഠാന മാസങ്ങളിലും, ഉത്‌സവങ്ങളിലും ആഘോഷ വേളകളിലും തീർത്ഥാടന സമയങ്ങളിലും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ജില്ലയിൽ ജലദൗർലഭ്യം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധകൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അഭ്യർഥിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]