സമസ്ത പണ്ഡിത സമ്മേളനം വ്യാഴാഴ്ച മലപ്പുറത്ത്

സമസ്ത പണ്ഡിത സമ്മേളനം വ്യാഴാഴ്ച മലപ്പുറത്ത്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനം ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള കൂടിയാലോചന സമിതി(മുശാവറ)അംഗങ്ങളും മേഖലാ ഭാരവാഹികളുമാണ് സമ്മേളന പ്രതിനിധികള്‍.

സമകാലിക സാമൂഹിക രഷ്ടീയ പശ്ചാത്തലം ചര്‍ച്ച ചെയ്യുന്ന ഏകദിന പണ്ഡിത സംഗമത്തില്‍ മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ നടക്കും. സയ്യിദ് അലി ബാഫഖി, പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കേരളീയ മുസ്ലിംകളുടെ വിശ്വാസ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ പണ്ഡിത കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന 100-ാം വാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 30ന് കാസര്‍ക്കോട്ട് പ്രഖ്യാപിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രബോധന ദൗത്യങ്ങള്‍, വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇക്കാലമത്രയും നിസ്തുലമായ സേവനപദ്ധതികള്‍ ചെയ്തുതീര്‍ക്കുകയായിരുന്നു സമസ്ത.

ബൈക്ക് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ സിഗ്നല്‍ ബോര്‍ഡിലിടിച്ച് യുവാവ് മരിച്ചു

മലബാര്‍ സമരത്തിനു ശേഷമുണ്ടായ സമുദായികവും സമൂഹികവും സാംസ്‌കാരികവുമായ ദുരന്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തി, മതനിഷേധ പ്രസ്ഥാനങ്ങളും മതവ്യതിയാന പ്രസ്ഥാനങ്ങളും നിക്ഷിപ്ത താല്പര്യമുള്ള വിവിധ വിഭാഗങ്ങളും മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തരമായ കെട്ടുറപ്പിലും പൊതു സമൂഹവുമായുള്ള ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സമസ്ത പ്രവര്‍ത്തനം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം രാഷ്ട്ര നിര്‍മ്മാണത്തിന്റെയും സാമൂഹിക സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും വഴിയില്‍ മുസ്ലിം സമൂഹത്തെ വഴിനടത്തുകയായിരുന്നു സമസ്ത.

ചാലിയാറില്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ലോകത്തെവിടെയുമുള്ള മുസ്ലിം സാമൂഹിക ചരിത്രത്തിലുണ്ടായതു പോലെ മതപണ്ഡിതന്മാരാണ് കേരളത്തിലും സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മുസ്ലിം നവോത്ഥാന നായകരായിരുന്ന മഖ്ദൂം പണ്ഡിതന്മാരുടെയും മമ്പുറം തങ്ങള്‍, ഉമര്‍ ഖാളി തുടങ്ങിയവരുടേയും പാരമ്പര്യത്തിലൂന്നി, വരക്കല്‍ മുല്ലക്കോയ തങ്ങളുടേയും പാങ്ങില്‍ എ പി അഹ്‌മദ് കുട്ടി മുസ്ലിയാരുടേയും നേതൃത്വത്തില്‍ രൂപം കൊണ്ട സമസ്ത, അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവശ്യമായ വിവിധ പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ആരംഭകാലം മുതലേ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മതപഠന മേഖലയില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ചെടുക്കുക, ഭൗതിക വിദ്യാഭ്യാസത്തില്‍ സമുദായത്തിന് ഗതിവേഗം പകരുക തുടങ്ങിയ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കാന്‍ സമസ്തയ്ക്ക് കീഴിലുള്ള ബഹുജന സംഘടനകള്‍ക്കും വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

സമസ്തയുടെ നേതൃ സിദ്ധിയും സംഘടിത പ്രവര്‍ത്തനവും ജനകീയതയും കൊണ്ട് വര്‍ഗീയവും തീവ്രവാദ വിഘടന സ്വഭാവമുള്ള എല്ലാ ചിന്താവൈകല്യങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

 

Sharing is caring!