റംഷീനയുടെ ദുരൂഹ മരണം, അധ്യാപകനായ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

റംഷീനയുടെ ദുരൂഹ മരണം, അധ്യാപകനായ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

വളാഞ്ചേരി: മകളുടെ മരണത്തിന് ഉത്തരവാദികളായ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വ‍ൃദ്ധരായ മാതാപിതാക്കൾ. പാലക്കാട് വിളയൂർ സ്വദേശിനിയായ റംഷീനയെ വളാഞ്ചേരിക്ക് സമീപമുള്ള പൈങ്കണ്ണൂരിലെ ഭർതൃ ​ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ ജനുവരി 25ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസിന്റെ ഭാ​ഗത്തു നിന്നും ​ഗൗരവമായ വകുപ്പുകൾ ചേർത്ത് അന്വേഷണം നടക്കുന്നില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അവർ പരാതി നൽകിയിട്ടുണ്ട്.

പൈങ്കണ്ണൂരിലെ സർക്കാർ സ്കൂൾ അധ്യാപകനായ ഭർത്താവിന്റെയും അമ്മയുടേയും മാനസിക ശാരീരിക പീഡനങ്ങളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മറ്റ് സാധ്യതകൾ അന്വേഷിക്കണമെന്നും റംഷീനയുടെ മാതാവ് സൈനബ പറഞ്ഞു. പി എസ് സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയായിരുന്നു റംഷീന. ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമില്ലാത്തവളല്ല മകളെന്നും അവർ പറഞ്ഞു.

സ്ത്രീധനം പോരെന്ന് ആവശ്യപ്പെട്ട് പല ഘട്ടങ്ങളിലായി റംഷീനയുടെ ഭർത്താവ് പണം ആവശ്യപ്പെട്ടിരുന്നെന്ന് സഹോദരൻ സി ടി ജംഷാദ് ആരോപിച്ചു. നാല് ലക്ഷം രൂപ പല പ്രാവശ്യമായി നൽകിയിട്ടുണ്ട്. ഇതിന് പുറമേ മകൾക്ക് 25 ലക്ഷം രൂപ മുടക്കി എയ്ഡഡ് സ്കൂളിൽ ജോലി മേടിച്ച് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. റംഷീനയെ മർദിക്കുന്നതിന് മക്കളടക്കം ദൃക്സാക്ഷികളായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. പോലീസ് കാര്യക്ഷമമായി കേസന്വേഷിക്കണം. മരിച്ച ദിവസം പുലർച്ചെ രണ്ട് മണിക്ക് മത്സ്യബന്ധനത്തിന് പോയി വരുന്നവർ വീടിന് പുറത്തെ ഭീതിയോടെ റംഷീന നിൽക്കുന്നത് കണ്ടതായി പറയുന്നുണ്ട്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇതേ തുടർന്നുള്ള പ്രശ്നങ്ങളും കുടുംബത്തുണ്ടായിരുന്നു. ഇതെല്ലാം സമ​ഗ്രമായി പോലീസ് അന്വേഷിക്കണമെന്ന് റംഷീനയുടെ കുടുംബം ആവശ്യപ്പെട്ടു.

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു

എന്നാൽ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും. ആത്മഹത്യാ കുറിപ്പടക്കം കണ്ടെത്തിയിട്ടുണ്ടെന്നും തുടരന്വേഷണത്തിൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് അറിയിച്ചു.

Sharing is caring!