സർവകലാശാല കലോൽസവത്തിന്റെ പേരിൽ എസ് എഫ് ഐ സാമ്പത്തിക കട്ടിപ്പ് നടത്തുന്നതായി എം എസ് എഫ്

സർവകലാശാല കലോൽസവത്തിന്റെ പേരിൽ എസ് എഫ് ഐ സാമ്പത്തിക കട്ടിപ്പ് നടത്തുന്നതായി എം എസ് എഫ്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. മലപ്പുറം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകള്‍ സഹിതം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. സര്‍വലകാശാല സോണൽ കലോത്സവങ്ങളുടെ പേരിലാണ് വലിയ തട്ടിപ്പ് നടക്കുന്നത്. സി സോൺ കലോത്സവത്തിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൻ്റെ തെളിവുകളാണ് മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ എം.എസ്.എഫ് ഹാജറാക്കിയത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹണമാണ് തട്ടിപ്പിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന സമയത്ത് ശേഖരിച്ച 1.18 കോടി രൂപ യൂണിയന്‍ കൈവശമുണ്ട്. ഇതിനു പുറമെയാണ് കോളേജുകൾ, സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിർബന്ധിത പിരിവ്.

മുന്‍കാലങ്ങളില്‍ ഇല്ലാത്ത രീതിയില്‍ രജിസ്‌ട്രേഷന്‍ ഫീസ് എന്ന പേരില്‍ 1,000 രൂപ ഓരോ കോളജില്‍ നിന്നും ഇത്തവണ സംഘാടക സമിതി എന്ന പേരില്‍ പിരിക്കുന്നുണ്ട്. ജില്ലയില്‍ നിന്നും മാത്രം അഞ്ച് ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കലോത്സവത്തിന്റെ എന്‍ട്രികള്‍ അയക്കാനായി നല്‍കിയ മെയില്‍ ഐ.ഡിയോടൊപ്പം നല്‍കുന്ന ഫോണ്‍ നമ്പര്‍ എസ്.എഫ്.ഐ ജില്ല കമ്മിറ്റി ഓഫീസിന്റെതാണ്. ഈ നമ്പറില്‍ നിന്നും ഫോണില്‍ വിളിച്ചാണ് 1,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുന്നത്. ഇതിനു പുറമെ ഈ പണം അയക്കാന്‍ ഇവർ നല്‍കുന്ന ഗൂഗിള്‍പേ നമ്പര്‍ എസ്.എഫ്.ഐ ജില്ല നേതാവായ പി.വി.ഗോപികയുടേതാണ്. അയക്കുന്ന തുകയുടെ റസീപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ വ്യാജ റസീപ്റ്റാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുള്ളത്. സര്‍വകലാശാല പുറത്തിറക്കിയ നോട്ടിസില്‍ പ്രോഗ്രാം കണ്‍വീനര്‍ സജാദാണ്. എന്നാല്‍, പ്രോഗ്രാം കണ്‍വീനര്‍ എന്ന പേരില്‍ റസീപ്റ്റില്‍ ഒപ്പിട്ട് നല്‍കുന്നത് മേല്‍ പറഞ്ഞ ജില്ലാ നേതാവ് ഗോപികയാണ്.
സംസ്ഥാനത്തെ പ്രൈമറി വിദ്യാർഥികൾക്കുള്ള സമ​ഗ്ര ആരോ​ഗ്യ പദ്ധതിക്ക് താനൂരിൽ തുടക്കം
ഈ വിഷയത്തില്‍ എം.എസ്.എഫ് നേതാക്കള്‍ സര്‍വകലാശാല ഡീനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പണം പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇതു കൂടാതെയാണ് എം.എല്‍.എമാർ, ജനപ്രതിനിധികള്‍, സി.പി.എം നേതാക്കള്‍ എന്നിവരുടെ സാഹയത്തോടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വലിയ തുക കലോത്സവ നടത്തിപ്പ് എന്ന പേരില്‍ എസ്.എഫ്.ഐ ആവശ്യപ്പെടുന്നുണ്ട്. 10 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായി ചില സ്ഥാപനങ്ങള്‍ പറയുന്നു. ഇതിനു യാതൊരു രേഖയും നല്‍കുന്നില്ല എന്നതാണ് വസ്തുത.
ഇത്തരത്തില്‍ പിരിക്കുന്ന തുക അടുത്ത ദിവസങ്ങളിലായി നടക്കുന്ന സംഘടനയുടെ ജില്ല സമ്മേളനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും പി.കെ നവാസ് ആരോപിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സാമ്പത്തിക തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. അക്കാദമിക് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ കലോത്സവം നടത്തുന്നതിനെയും നേതാക്കള്‍ വിമര്‍ശിച്ചു. നിലവിലുളള വിദ്യാര്‍ഥികളില്‍ മൂന്നില്‍ ഒരു വിഭാഗത്തിന് (ഒരു ലക്ഷത്തോളം പേര്‍ക്ക്) പഠനം പൂര്‍ത്തിയായതിനാല്‍ പങ്കെടുക്കാനാകില്ല. അക്കാദമിക് വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇന്റര്‍ സോണ്‍ കേലാത്സവം നടത്താനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ പ്രതിഭകള്‍ക്ക് ലഭിക്കേണ്ട ഗ്രേസ് മാര്‍ക്കും നഷ്ടപ്പെടും. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത്. അവർക്ക് ആശ്വാസമായി ലഭിക്കുന്നത് ഗ്രേസ് മാര്‍ക്കാണ്. ഇതും ലഭിക്കാതെ പോകുന്നത് അന്യായമാണ്. ഈ വിധത്തില്‍ ഒരു കലോത്സവം തട്ടിക്കൂട്ടുന്നതിനു പിന്നില്‍ സാമ്പത്തിക ലാഭം മാത്രമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അഖില്‍ കുമാര്‍ ആനക്കയം, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം എം.പി. സിഫ്‌വ എന്നിവരും പങ്കെടുത്തു.

Sharing is caring!