ചേകന്നൂര്‍ മോഷണം: വീടുപൂട്ടിപ്പോയ സമയത്ത് 125 പവനും 65,000 രൂപയും കവര്‍ന്ന ബന്ധു അറസ്റ്റില്‍

എടപ്പാള്‍ : ചേകന്നൂരില്‍ വീട്ടുകാര്‍ വീടുപൂട്ടിപ്പോയ സമയത്ത് 125 പവനും 65,000 രൂപയും കവര്‍ന്ന സംഭവത്തിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റുചെയ്തു.പന്താവൂര്‍ സ്വദേശി വടക്കിനിത്തേയില്‍ മൂസക്കുട്ടിയെ(52)യാണ് അറസ്റ്റ് ചെയ്തത്.ചേകന്നൂര്‍ പുത്തന്‍കുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവാണ് അറസ്റ്റിലായ മൂസക്കുട്ടി.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീടുപൂട്ടി തൃശ്ശൂരിലെ ബന്ധുവീട്ടില്‍പ്പോയി രാത്രി 9.30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.വാതിലുകള്‍ പൊളിക്കാതെ നടന്ന മോഷണത്തില്‍ അന്നുതന്നെ സംശയമുടലെടുത്തിരുന്നു.വീട്ടുകാരുമായി ഏറെ ബന്ധമുള്ള മൂസക്കുട്ടി ഇവരറിയാതെ വാതിലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയതായും സംഭവദിവസം വീട്ടുകാര്‍ പോയ സമയത്ത് വാതില്‍തുറന്ന് ടെറസില്‍നിന്ന് ചാക്കെടുത്തുവന്ന് ആഭരണങ്ങള്‍ അതില്‍ നിറച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.എടപ്പാളിലെ ജൂവലറിയില്‍നിന്നെടുത്ത ഈ സ്വര്‍ണത്തിന് ഒരുവര്‍ഷത്തെ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ ആശ്വാസത്തിലിരിക്കെയാണ് പ്രതിയെ പിടികൂടിയത്.മോഷണ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി.തിരൂര്‍ ഡിവൈ.എസ്.പി കെ.എ.സുരേഷ്ബാബു, പൊന്നാനി ഇന്‍സ്പെക്ടര്‍ മഞ്ജിത്ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്.ഐ പ്രമോദ്, വിശ്വനാഥന്‍, ഷൈനി, ജയപ്രകാശ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ചേകന്നൂരിലെ കവര്‍ച്ച:തെളിവെടുപ്പ് നടത്തി

എടപ്പാള്‍: ചേകനൂരില്‍ വീട്ടുകാര്‍ വീട് പൂട്ടിപുറത്തുപോയ സമയത്ത്
125 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലെ പ്രതി പന്താവൂര്‍ സ്വദേശി മൂസക്കുട്ടിയുമായി പൊന്നാനി പോലീസ് തെളിവെടുപ്പ് നടത്തി.മോഷണത്തിനായി കുത്ത് ഉളി വാങ്ങിച്ച നടുവട്ടം കൂനംമൂച്ചി റോഡിലെ കടയിലും ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടാക്കിയ ചങ്ങരംകുളത്തെ കടയിലുമാണ് പൊന്നാനി സി.ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.

Sharing is caring!