സംഘപരിവാര്‍ മുദ്രാവാക്യത്തിന്റെ അപകടം മുസ്ലീംലീഗ് അടക്കമുള്ള സംഘടനകള്‍ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

സംഘപരിവാര്‍ മുദ്രാവാക്യത്തിന്റെ അപകടം  മുസ്ലീംലീഗ് അടക്കമുള്ള സംഘടനകള്‍ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

മലപ്പുറം: ഭരണഘടനയ്ക്കു മീതെ വിശ്വാസങ്ങളെ പ്രതിഷ്ഠിക്കണമെന്ന സംഘപരിവാര്‍ മുദ്രാവാക്യത്തിന്റെ അപകടം മുസ്ലീംലീഗ് അടക്കമുള്ള സംഘടനകള്‍ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു.

ഇത് മനസിലായിരുന്നെങ്കില്‍ ആ ആവശ്യത്തിന് പരസ്യപിന്തുണ നല്‍കാന്‍ ലീഗ് നേതൃത്വം രണ്ടുവട്ടം ആലോചിക്കുമായിരുന്നു. കോടതിയ്ക്കും നീതിന്യായസംവിധാനത്തിനും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിച്ചാണ് ബാബറി മസ്ജിദ് തകര്‍ത്തു കളഞ്ഞത്. ആ അനുഭവം മറക്കാനുള്ള കാലമൊന്നും ആയിട്ടില്ല. ആ യുക്തിയുടെ തുടര്‍ച്ചയാണ് ബിജെപി ശബരിമലയിലും പ്രയോഗിക്കുന്നത്. അതിന്റെ അപകടം മനസിലാക്കാതെ, പ്രശ്‌നത്തെ സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി കരുതി പ്രതികരിച്ച മുസ്ലിംലീഗ് നേതൃത്വത്തിന് കാലം മാപ്പു നല്‍കില്ല.

ഇന്ത്യന്‍ ഭരണഘടനയോടുള്ള സംഘപരിവാര്‍ സമീപനം തങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്നാണ് ലീഗ് വ്യക്തമാക്കേണ്ടത്. ശബരിമലയെ സംബന്ധിച്ച കോടതിവിധിയുടെ പേരില്‍ പുറത്തുവരുന്നത് കേവലം സ്ത്രീവിരോധമോ കമ്മ്യൂണിസ്റ്റുവിരോധമോ നവോത്ഥാനവിരോധമോ അല്ല. ഇന്ത്യന്‍ ഭരണഘടന ഉണ്ടായ കാലം മുതല്‍ അതിന്റെ അടിസ്ഥാന സങ്കല്‍പങ്ങളോട് സംഘപരിവാര്‍ പുലര്‍ത്തിപ്പോരുന്ന വിദ്വേഷത്തിന്റെ ആളിക്കത്തലാണിത്.

ഭരണഘടന ചുട്ടുകളയണമെന്നാണ് സമരനേതാക്കളുടെ പരസ്യമായ ആഹ്വാനം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും സങ്കല്‍പങ്ങളുമാണ് സംഘപരിവാറിന്റെ കണ്ണിലെ യഥാര്‍ത്ഥ കരട്.

ഭരണഘടനയെ എതിര്‍ക്കുന്നവര്‍ക്ക് ഭരണഘടനാപരമായി സ്ഥാപിതമായ സംവിധാനങ്ങളെയും അംഗീകരിക്കാനാവില്ല.
അങ്ങനെയൊരു കാലം ഉണ്ടായാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷത്തിന്റെ അവസ്ഥയെന്ത് എന്ന് ഉറക്കെ ചിന്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്ലിംലീഗ് നേതൃത്വം.

സമൂഹത്തിലുണ്ടാകുന്ന ഏതു തര്‍ക്കത്തിനും, അതു വ്യക്തികള്‍ തമ്മില്‍ത്തമ്മിലോ സ്ഥാപനങ്ങള്‍ തമ്മിലോ, വ്യക്തികളും സ്ഥാപനങ്ങളും തമ്മിലോ സമുദായങ്ങള്‍ തമ്മിലാണെങ്കിലോ ആയാലും, നീതിയുക്തമായ പരിഹാരം ഭരണഘടനാപരമായി നിലവില്‍വന്ന സ്ഥാപനങ്ങള്‍ വഴിയാണ് നിര്‍വഹിക്കേണ്ടത്. ആ സ്ഥാപനങ്ങള്‍ക്കുപകരം ആള്‍ക്കൂട്ടത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ കടന്നു വന്നാല്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. അത്തരമൊരവസ്ഥ ഒരിക്കലും നമുക്ക് ആലോചിക്കാനേ കഴിയില്ല.

ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിംപട്ടികയിലുണ്ട്. അവിടെയൊക്കെ തീരുമാനമെടുക്കുമ്പോള്‍ വിശ്വാസമെന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന നിലപാടുകള്‍ക്ക് മേല്‍ക്കൈയുണ്ടായാല്‍ എന്താവും സ്ഥിതി? അങ്ങനെയൊരവസ്ഥ ഇന്ത്യയിലുണ്ടാകണമെന്ന് ലീഗ് ആഗ്രഹിക്കുന്നുണ്ടോ?

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ വിശ്വാസിയാണ് അന്തിമവാക്ക് എന്ന വിധിതീര്‍പ്പാണ് ലീഗ് മുന്നോട്ടു വെയ്ക്കുന്നത്. വിശ്വാസികള്‍ തമ്മില്‍ തര്‍ക്കവും അഭിപ്രായവ്യത്യാസവുമുണ്ടായാല്‍ അന്തിമ വാക്ക് ആരു പറയും? രണ്ടു മതങ്ങള്‍ തമ്മിലുള്ള വിശ്വാസികള്‍ തമ്മിലാണ് തര്‍ക്കമെങ്കിലോ? പരിഹാരം എങ്ങനെയുണ്ടാകും?

അതിനാണ് ഭരണഘടനയും ഭരണഘടനാപരമായി സ്ഥാപിതമായ സംവിധാനങ്ങളും. ആധുനിക സമൂഹമെന്ന നിലയില്‍ മുന്നോട്ടു പോകണമെങ്കില്‍, ആ സ്ഥാപങ്ങളുടെ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരും. അതിനു മുകളില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ പ്രതിഷ്ഠിച്ചാല്‍ കൈയൂക്കുള്ളവരുടെ ഭരണമാകും സമൂഹത്തില്‍ നടക്കുക. അവിടെ ആദ്യം ഹനിക്കപ്പെടുന്നത് ന്യൂനപക്ഷാവകാശങ്ങളും സ്ഥാപനങ്ങളുമായിരിക്കും.

അതുകൊണ്ട്, ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുന്ന സംഘപരിവാറിനു പിന്തുണ നല്‍കുന്ന സമീപനത്തില്‍ നിന്ന് ലീഗ് പിന്മാറണം. ശബരിമലയെ സംബന്ധിച്ച കോടതിവിധിയെ മറയാക്കി ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ നടന്ന സമരത്തെ പിന്തുണച്ചത് തെറ്റായ നടപടിയാണെന്നു തുറന്നു സമ്മതിച്ച് അണികളോടു മാപ്പു പറയണം.
അതാണ് ലീഗിനു മുന്നിലുള്ള വഴിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

Sharing is caring!