അഡ്വ ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭ സ്ഥാനാർഥി

അഡ്വ ഹാരിസ് ബീരാൻ മുസ്ലിം ലീ​ഗിന്റെ രാജ്യസഭ സ്ഥാനാർഥി

തിരുവനന്തപുരം: അഡ്വ. ഹാരിസ് ബീരാനെ മുസ്‌ലിംലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ കാൽ നൂറ്റാണ്ട് കാലമായി രാജ്യ തലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പോരാടുന്ന വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം.എസ്.എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എം.എസ്.എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ ഡൽഹി കെ.എം.സി.സി പ്രസിഡന്റാണ്. ദേശീയ തലത്തിൽ മുസ്‌ലിംലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് ബീരാൻ രംഗത്തുണ്ട്. ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചു. അബ്ദുന്നാസർ മഅ്ദനിക്കും സിദ്ദീഖ് കാപ്പനും നീതി ലഭ്യമാക്കുന്നതിന് ഹാരിസ് ബീരാൻ നടത്തിയ നിയമ പോരാട്ടം ശ്രദ്ധേയമായിരുന്നു. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യു.എ.പി.എ ദുരുപയോഗത്തിനെതിരായ നിയമ യുദ്ധത്തെ മുന്നിൽനിന്ന് നയിച്ചു. മുസ്‌ലിംലീഗിന്റെ പേര് മാറ്റണമെന്ന ഹർജിക്കെതിരെയും മുത്തലാഖ് ബിൽ, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും ഹാരിസ് ബീരാൻ നടത്തിയ നിയമപരമായ ഇടപെടലുകൾ ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാൻ നിയമപോരാട്ടം നടത്തി. ഡൽഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വം ഉപകരിക്കും. ആൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സി പി ഐയുടെ രാജ്യസഭ സ്ഥാനാർഥിയായി മലപ്പുറത്തുകാരൻ പി പി സുനീർ
പിതാവ് അഡ്വ. വി.കെ ബീരാൻ ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്ധനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ പോലുള്ള മുസ്‌ലിംലീഗ് നേതാക്കളുടെ ആത്മ സുഹത്തുമാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു.

Sharing is caring!