അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കടലുണ്ടിപ്പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. കടലുണ്ടി പുഴയിലെ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയ കുട്ടി അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജിൽ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

പിന്നീട് ഈ നാല് കുട്ടികൾ രോഗലക്ഷണങ്ങൾ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള അത്യപൂർവ രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. നീഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് രോഗബാധയ്‌ക്ക് കാരണമാകുന്നത്. ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകളെ കണ്ടു വരുന്നത്. കെട്ടി നിൽക്കുന്ന കുളങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ടായേക്കാം. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. അപൂർവം ചിലരിൽ മാത്രം കണ്ടുവരുന്ന ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല.

സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ സംയുക്ത പരിശോധന നടത്തും: ജില്ലാ കളക്ടര്‍

Sharing is caring!