ലോക്സഭാ തിരഞ്ഞെടുപ്പ് : വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് 19, 20 ന്

ലോക്സഭാ തിരഞ്ഞെടുപ്പ് : വോട്ടിങ്  യന്ത്രങ്ങളുടെ കമ്മീഷനിങ് 19, 20 ന്

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കായി അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നാളെ നടക്കും. ബാലറ്റ് യൂണിറ്റുകൾ (ബി യു), കൺട്രോൾ യൂണിറ്റുകൾ(സി യു ), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും സോഫ്റ്റ് വെയർ വഴി അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ. ബന്ധപ്പെട്ട ഉപവരണാധികാരികളുടെ നേതൃത്വത്തിലാണ് പ്രക്രിയ. നിലവിൽ ഓരോ നിയോജക മണ്ഡലത്തിൻ്റെയും വിതരണ കേന്ദ്രങ്ങളിലാണ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ഏപ്രിൽ 19, 20 തിയതികളിലായി വോട്ടിങ് മെഷീനുകളിൽ കമ്മീഷനിങ് നടക്കും. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ യന്ത്രങ്ങളിൽ ക്രമീകരിക്കുന്ന പ്രകിയയാണിത്. 25 ന് പോളിങ് സാമഗ്രികളുടെ വിതരണം നടക്കും.

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ പ്രധാന വകുപ്പ് മേധാവികളുടെയും വിവിധ നോഡൽ ഓഫീസർമാരുടേയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. കുറ്റമറ്റ രീതിയിൽ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ കളക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, പൊന്നാനി വരണാധികാരി എ.ഡി.എം. കെ. മണികണ്ഠൻ, ഇലക്‍ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, വിവിധ ജില്ലാ തല ഉദ്യോഗസ്ഥർ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

വീട്ടിൽ നിന്നും വോട്ടിന് മലപ്പുറം ജില്ലയിൽ തുടക്കമായി

 

Sharing is caring!