പാനൂരിലെ ബോംബ് സ്ഫോടനം എൻ ഐ എ അന്വേഷിക്കണം; രമേശ് ചെന്നിത്തല

പാനൂരിലെ ബോംബ് സ്ഫോടനം എൻ ഐ എ അന്വേഷിക്കണം; രമേശ് ചെന്നിത്തല

മലപ്പുറം: പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കാംപയ്ന്‍ കമ്മറ്റി ചെയര്‍മാനുമായ രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പാനൂരിലെ പ്രതികളെ രക്ഷിക്കാന്‍ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തിറങ്ങി. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു അത്. പാനൂരിലെ ബോംബ് സ്‌ഫോടനം യുഎപിഎ നിയമത്തിലെ 15ാം വകുപ്പില്‍ വരുന്നതാണ്. അതുകൊണ്ടു തന്നെ യുഎപിഎ ചുമത്തി കേസ് എന്‍ഐഎക്ക് കൈമാറുകയാണ് വേണ്ടത്. കേരള പൊലീസ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആദ്യം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്.

സംസ്ഥാനത്ത് സിപിഎം ബോംബ് നിര്‍മാണത്തിനാണ് പ്രധാന്യം നല്‍കുന്നത്. ബോംബ് നിര്‍മാണം സംബന്ധിച്ച് സെപ്ഷല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയിട്ടും ഇതില്‍ മുന്‍കൂട്ടി അന്വേഷണമുണ്ടായില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് നിര്‍മിക്കുകയും പാര്‍ട്ടി എതിരാളികളെ വകവരുത്തുകയും ചെയ്യുക എന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയായി മാറിയിട്ടുണ്ട്. സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് എഡ്വ. വി.എസ് ജോയ്, യുഡിഎഫ് ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ എന്നിവരും പങ്കെടുത്തു.

Sharing is caring!